തൃപ്പൂണിത്തുറ: കെ.പി.എം.എസ് സംസ്ഥാന സമ്മേളനം ഇന്ന് തൃപ്പൂണിത്തുറയിൽ ആരംഭിക്കും. മഴക്കെടുതിയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് സമ്മേളന നടപടികൾ പൂർത്തിയാക്കുക. അതിന്റെ ഭാഗമായി പതാക കൊടിമര ജാഥകളും കേന്ദ്രമന്ത്രി വി.മുരളീധരൻ പങ്കെടുക്കുന്ന ഉത്ഘാടന സമ്മേളനവും റദ്ദാക്കി. ആഗസ്റ്റ് 16 നു നിശ്ചയിച്ചിരുന്ന പൊതു പ്രകടനവും വേണ്ടെന്ന് വച്ചിട്ടുണ്ട്.

ഇന്ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡന്റ് വി.സി ശിവരാജൻ അധ്യക്ഷത വഹിക്കും.

സമ്മേളനത്തിന്റെ ഭാഗമായി 'സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് റിസർവേഷൻ ' സെമിനാർ ഇന്ന് വൈകീട്ട് 5ന് ടി.വി ബാബു ഉദ്ഘാടനം ചെയ്യും. അഡ്വ.ആർ.പ്രേം ശങ്കർ വിഷയാവതരണം നടത്തും. മുൻമന്ത്രി കെ.ബാബു, അഡ്വ.എ.ജയശങ്കർ, ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും

നാളെയും തുടരുന്ന പ്രതിനിധി സമ്മേളനം പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷം സമാപിക്കും.

സമ്മേളനത്തോടനുബന്ധമായി സംഭരിച്ച കാർഷികോൽപ്പന്നങ്ങളും പലവ്യഞ്ജനങ്ങളും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവന ചെയ്യും. അതോടൊപ്പം സംഭാവനയായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്നും ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് അറിയിച്ചു.