ആലുവ: പ്രളയം സംബന്ധമായി വ്യാജ വാർത്തകൾ പ്രചരിപ്പിച്ച രണ്ട് പേർക്കെതിരെ റൂറൽ ജില്ലയിൽ പൊലീസ് കേസെടുത്തതായി എസ്.പി കെ. കാർത്തിക് അറിയിച്ചു. ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായിട്ടാണ് കേസെടുത്തിട്ടുള്ളത്.
സർക്കാരിന്റെ ദുരിതാശ്വാസനിധിയെ സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് കറുകുറ്റി ചക്കിയത്ത് ജിൻസൻ ജോർജിനെതിരെ സെക്ഷൻ 118 എ,ഇ വകുപ്പുകൾ പ്രകാരമാണ് കേസടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്നും ഇതിന്റെ പേരിൽ മുഖ്യമന്ത്രിക്ക് ലോകായുക്ത നോട്ടീസ് അയച്ചുവെന്നും പ്രചരിച്ചിരുന്നു. മുല്ലപെരിയാർ നിറഞ്ഞു കവിഞ്ഞെന്നടക്കം വ്യാജ സന്ദേശം പ്രചരിപ്പിച്ചത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിച്ചത് നിധിയിലേക്ക് സഹായം കുറയാനും കാരണമായി. ഇത്തരത്തിൽ പ്രചാരണം നടത്തിയ കൂടുതൽ പേർക്കെതിരെ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് റൂറൽ എസ്.പി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 22 പേർക്കെതിരെ കേസെടുത്തു.