ആലുവ: ജില്ലയുടെ കിഴക്കൻ മേഖലകളിൽ അടുത്ത 48 മണിക്കൂർ ശക്തമായ മഴക്ക് സാധ്യതയെന്ന വിവരത്തെ തുടർന്ന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ റവന്യു വകുപ്പ് അധികൃതരുടെ യോഗം ചേർന്നു. കോതമംഗലം താലൂക്കിലും, പെരിയാറിനോട് ചേർന്നു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിലും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പും നൽകി.

മുൻകരുതലായി താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് ക്യാമ്പുകളിലേക്ക് മാറാമെന്ന് കളക്ടർ പറഞ്ഞു. അടുത്ത രണ്ട് ദിവസം ജില്ലയിൽ ഖനനം നിരോധിച്ചു. നിലവിൽ ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണിയില്ല. പുഴ സാധാരണ ജലനിരപ്പ് കൈവരിച്ചു കഴിഞ്ഞു. ഡാമുകളിലെ ജലനിരപ്പിലും ആശങ്കപെടേണ്ട സാഹചര്യമില്ല. രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താലും ജില്ലയിൽ പ്രളയ സാധ്യതയില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയിൽ 150 ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. 54 ക്യാമ്പുകളാണ് ഇപ്പോൾ സജീവമായുള്ളത്. ഇതിൽ 2400 കുടുംബങ്ങളും 7699 അംഗങ്ങളുമുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ആലുവ, പറവൂർ എന്നീ താലൂക്കുകളിൽ ചിലയിടങ്ങളിൽ മാത്രമാണ് വെള്ളം കെട്ടി നിൽക്കുന്നത്. എന്നാൽ ഇത് അപകടകരമായ നിലയിലല്ല. ചെളിനീക്കം ചെയ്യാനായി എട്ട് ജെ.സി.ബി.കൾ ജില്ലയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കളക്ടേറ്റിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ നിന്ന് നാല് ട്രക്ക് ലോഡ് സാധനങ്ങൾ മലബാർ മേഖലയിലേയ്ക്ക് കൊണ്ടു പോയി. കളക്ഷൻ സെന്ററിലൂടെ ലഭിച്ച സാധനങ്ങൾ കൊണ്ട് ജില്ലയുടെ ആവശ്യങ്ങൾ നിറവേറ്റാനും സാധിച്ചു.

ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ്, ഡെപ്യൂട്ടി കളക്ടർമാരായ എസ്. ഷാജഹാൻ, സുരേഷ് കുമാർ, ഗീതാമണി എന്നിവരും ജില്ലയിലെ തഹസിൽദാർമാർ, വിവിധ വകുപ്പുദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.