കൊച്ചി: പ്രളയകാലത്ത് എളുപ്പം ബാധിക്കുന്ന ഗുരുതരമായേക്കാവുന്ന രോഗമാണ് എലിപ്പനി. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് കാരണക്കാരൻ. എലി , അണ്ണാൻ , മരപ്പട്ടി,പൂച്ച, പട്ടി തുടങ്ങിയവ രോഗാണുവാഹകരാകാം.
വിവിധ അവയവങ്ങളെ ബാധിക്കുന്നതനുസരിച്ച് അതിന്റെതായ രോഗ ലക്ഷണങ്ങളാണ് പ്രകടമാവുക. മലമ്പനി, ഡെങ്കിപ്പനി , വൈറൽ ഹെപ്പറ്റെറ്റിസ് എന്നിവയെല്ലാമായി രോഗം സംശയിക്കപ്പെട്ടേക്കാം. പനി ബാധിച്ചാൽ ഉടനെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം.
രോഗം പകരുന്ന രീതി
ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിലൂടെ. 20 40 പ്രായമുള്ള പുരുഷന്മാരെ പെട്ടെന്ന് ബാധിക്കും. 4 മുതൽ 19 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.
ലക്ഷണങ്ങൾ
ശക്തമായ പനി
തലവേദന
പേശിവേദന,സന്ധിവേദന
മൂത്രത്തിന് കടുത്ത മഞ്ഞനിറം
ഓക്കാനം, ഛർദി, വയറിളക്കം
കണ്ണിൽ ചുവപ്പ് നിറം
രോഗം മൂർച്ഛിച്ചാൽ രക്തസ്രാവം,മൂത്രത്തിന്റെ അളവ് കുറയുക
പ്രതിരോധം
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ 100 മില്ലി ഗ്രാമിന്റെ ഡോക്‌സിസൈക്ലിൻ ഗുളികകൾ ആഴ്ചയിൽ 2 എണ്ണം കഴിക്കേണ്ടതാണ്. അപകട സാധ്യത കുറയുന്നതുവരെയോ 6 ആഴ്ചയോ തുടരണം. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കും.
കൈകാലുകളിൽ പോറലോ, മുറിവോ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.