kunhiyampadam
റോഡിലെ വെള്ളക്കെട്ട്

# കുഴിയാംപാടം നിവാസികൾക്ക് ദുരിതകാലം

കാലടി: മഞ്ഞപ്ര, കാലടി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയായ കുഴിയാംപാടം കാലവർഷത്തിൽ കരകവിഞ്ഞ് വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ മഹാപ്രളയത്തിൽ വന്ന നാശനഷ്ടങ്ങളുടെ കെടുതിയിൽ നിന്ന് കരകയറും മുമ്പേ അടുത്ത പ്രളയത്തിൽ കുഴിയംപാടം നിവാസികളെ കണ്ണീരിലാഴ്ത്തി. അരി മില്ലുകൾ, ഐസ് ക്രീം പ്ലാന്റ്, ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങിയവയിലെല്ലാം വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. ഏക്കർ കണക്കിന് സ്ഥലത്ത് കൃഷി ചെയ്ത വാഴകളും നടുതലകളും നശിച്ചു. ഓണവിപണിക്കായുള്ള ഏത്തവാഴകൃഷി അപ്പാടെ നശിച്ചു.

പ്രദേശങ്ങ് രൂക്ഷമായ പ്രളയം അനുഭവപ്പെട്ടതിന് കാരണം തോടുകളും പാടശേഖരങ്ങളും കൈയേറിയും നികത്തിയും സ്വാഭാവിക ഒഴുക്ക് തടഞ്ഞതിനാലാണെന്നാണ് നാട്ടുകാരുടെ ആരോപണം. മാറിമാറിവരുന്ന ഗ്രാമ പഞ്ചായത്ത് അധികാരികൾ വഴിവിട്ട് നൽകിയ ലൈസൻസുകളുടെ പിൻബലത്തോടെ നിരവധി ക്രഷർ യൂണിറ്റുുകളും അനുബന്ധ വ്യവസായ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 25 എച്ച്.പി മോട്ടോറുകൾ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്കാണ് പഞ്ചായത്ത് അനുമതി നൽകിയിട്ടുള്ളതെങ്കിലും പിന്നീട് ക്രഷറുകളുടെ പ്രവർത്തനക്ഷമത കുട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിന് പഞ്ചായത്ത് കമ്മിറ്റികൾ മൗനാനുവാദം നൽകുകയാണെന്നാണ് ആരോപണം.

കുഴിയാംപാടം പാലം വന്നതോടെ വിസ്തൃതമായ പാടശേഖരം മുറിത്തെങ്കിലും വെള്ളം ഒഴുകിിപ്പോകുന്നതിന് ഓവ് ചാലുകൾ ഇട്ടിരുന്നു. ഈ ചാലുകൾ ക്രഷർ ഉടമകൾ അടച്ച് വേസ്റ്റ് വെള്ളം ഒഴുക്കി കളയാനുള്ള ചാലുകളാക്കി മാറ്റിയെന്നാണ് ആരോപണം. കനത്ത മഴയിൽ വെള്ളം ഒഴുകി പോകാൻ ഇടമില്ലാതെ കരകളിലേക്കും വീടുകളിലേക്കും റോഡിലേക്കും കയറുന്നത് തുടരുകയാണ്.