മൂവാറ്റുപുഴ: നിലവിലുള്ള മുനിസിപ്പൽ സ്റ്റേഡിയത്തോടനുബന്ധിച്ച് ആധുനിക രീതിയിലുള്ള ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിന് പ്രതിപക്ഷത്തിന്റെ വിയോജിപ്പിനിടെ മൂവാറ്റുപുഴ നഗരസഭ കൗൺസിൽ അംഗീകാരം നൽകി. 32.5 കോടി രൂപയാണ് ഇതിനായി കായികക്ഷേമ വകുപ്പിൽ നിന്ന് അനുവദിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് 13000 ചതുരശ്രഅടി വിസ്തൃതിയിലുള്ള ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകളും ഇതോടൊപ്പം നിർമ്മിക്കും.അന്തർദേശീയ നിലവാരമുള്ള 8 ലൈൻ സിന്തെറ്റിക് ട്രാക്ക്, ആധുനിക രീതിയിലുള്ള ഫുട്‌ബാൾഗ്രൗണ്ട് എന്നിവ ഉണ്ടാകും. 300 വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം. സ്റ്റേഡിയത്തിൽ 50000 പേർക്ക് ഇരിക്കാവുന്ന ഗാലറി, ഇൻഡോർസ്റ്റേഡിയത്തിൽ 3000 പേർക്ക് ഇരിക്കാൻ കഴിയുന്ന ഗാലറി. ജില്ലാ സ്റ്റേഡിയമായി നിർമിക്കുന്ന സ്റ്റേഡിയത്തിന് ഒളിമ്പ്യൻ ചന്ദ്രശേഖരന്റെ പേരാണ് നൽകുന്നത്. പട്ടണത്തിന്റെ വികസനരംഗത്ത് ഏറെ ശ്രദ്ധേയമായ സ്റ്റേഡിയം വികസനം പൂർത്തിയാകുന്നതോടെ ജില്ലയിലെ ഒന്നാമത്തെ സ്റ്റേഡിയമായി ഇത് മാറുമെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷാശശിധരൻ പറഞ്ഞു.
ജില്ലയുടെ കിഴക്കൻ മേഖലയിൽ നിരവധി കായിക താരങ്ങൾ പരിശീലനത്തിനും മറ്റും മുനിസിപ്പൽ സ്റ്റേഡിയത്തിനെയാണ് ആശ്രയിച്ചിരുന്നത്. കിഴക്കൻ മേഖലയിലെ ആദ്യ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതോടെ കായികമേഖലയ്ക്ക് പുത്തൻ ഉണർവാകും. കലൂർ ജവഹർലാൽ ഇന്റർനാഷണൽ സ്റ്റേഡിയം കഴിഞ്ഞാൽ രണ്ടാമത്തെ വലിപ്പമുള്ള സ്റ്റേഡിയമാണ് മൂവാറ്റുപുഴയിലേത്. 2008ലാണ് ആധുനിക സ്റ്റേഡിയം നിർമാണത്തിന് പദ്ധതി തയ്യാറാക്കിയതും പ്രവർത്തനങ്ങൾ ആരംഭിച്ചതും. സ്റ്റേഡിയം നിർമാണത്തിന് ഇതുവരെ ചെലവായത് 6.36 കോടി രൂപയാണ്. പ്രാരംഭ നിർമാണപ്രവർത്തനത്തിന് അന്ന് കായിക മന്ത്രിയായിരുന്ന എം. വിജയകുമാർ സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് നാലു കോടി രൂപ അനുവദിച്ചിരുന്നു.
,