naf
നാവിക എയർഫോഴ്സിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്ഥലം നൽകുന്നതു സംബന്ധിച്ച ധാരണാപത്രം എയർഫോഴ്സ് കേന്ദ്രം മേധാവി ക്യാപ്റ്റൻ സതീഷ്‌കുമാർ എസും സിയാൽ ഡയറക്ടർ എ.സി.കെ. നായരും കൈമാറുന്നു. എ.എം. ഷബീർ, സുനിൽ ചാക്കോ, ദിനേശ് കുമാർ എന്നിവർ സമീപം

കൊച്ചി : നാവിക എയർഫോഴ്സ് ഇനി നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രവർത്തനങ്ങൾ നടത്തും. ഇതു സംബന്ധിച്ച ധാരണാപത്രം നാവിക എയർ ഫോഴ്സും സിയാലും തമ്മിൽ ഒപ്പുവച്ചു.

ധാരണപ്രകാരം നെടുമ്പാശേരി വിമാനത്താവളത്തിൽ നാവിക എയർ ഫോഴ്സിന് പ്രത്യേക സ്ഥലം അനുവദിക്കും. വിമാനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം, അറ്റകുറ്റപ്പണി കേന്ദ്രം, അഡ്മിനിസ്ട്രേറ്റീവ് മന്ദിരം എന്നിവയുണ്ടാകും. വിമാനത്താവളത്തിലെ വടക്കുകിഴക്കേ ഭാഗത്താണ് ഇവ പ്രവർത്തിക്കുക. നാവിക വിമാനങ്ങൾ ഇറങ്ങാനും പറക്കാനും റൺവേയും ഉപയോഗിക്കും. തടസങ്ങളില്ലാതെയും സുരക്ഷിതമായും സൈനികനീക്കങ്ങൾ നടത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ദക്ഷിണ നാവികത്താവളം കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഇന്ത്യൻ തീരത്തും ലക്ഷദ്വീപിലും നിരീക്ഷണങ്ങൾക്കും രക്ഷാദൗത്യങ്ങൾക്കും കോസ്റ്റ് ഗാർഡിനൊപ്പം നാവിക വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഓഖി പോലുള്ള ദുരിന്തസമയങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതും നാവിക എയർ ഫോഴ്സ് കേന്ദ്രമാണ്.

നാവിക എയർഫോഴ്സ് കേന്ദ്രം മേധാവി ക്യാപ്റ്റൻ സതീഷ്‌കുമാർ എസും സിയാൽ ഡയറക്ടർ എ.സി.കെ. നായരും ധാരണാപത്രത്തിൽ ഒപ്പിട്ടു. സിയാർ എക്സിക്യുട്ടീവ് ഡയറക്ടർ എ.എം. ഷബീർ, ചീഫ് ഫിനാൻസ് ഓഫീസർ സുനിൽ ചാക്കോ, ഓപ്പറേഷൻസ് ഹെഡ് ദിനേശ് കുമാർ എന്നിവരും പങ്കെടുത്തു.