ഇടപ്പള്ളി : വഴിക്കച്ചവടക്കാരും ഓട്ടോറിക്ഷകളും ഗുഡ്സ് വാഹനങ്ങളും.ചങ്ങമ്പുഴ പാർക്ക് -എളമക്കര റോഡ് ഇപ്പോൾ ഇവരുടേത് മാത്രമാണ്. മറ്റ് വാഹനങ്ങളും വഴിയാത്രക്കാരും വേറെ മാർഗം നോക്കണം. എൽ.കെ.ജി മുതൽ ഡിഗ്രിക്ളാസുകളിൽ വരെ പഠിക്കുന്ന നൂറുകണക്കിന് കുട്ടികൾ യാത്ര ചെയ്യുന്ന കവി ഇടപ്പള്ളി രാഘവൻപിള്ളയുടെ പേരിലുള്ള റോഡിന്റെ അവസ്ഥ.

രണ്ട് സർക്കാർ സ്കൂളുകളുടെയും ഹയർസെക്കൻഡറി ഡയറക്ടറുടെ ഓഫീസിന്റെയും മുന്നിലെ ഫുട്പാത്ത് ഏതാണ്ട് മുഴുവനായും വഴിക്കച്ചവടക്കാർ കൈയേറി. കൊച്ചി കോർപ്പറേഷനോ പൊതുമരാമത്ത് അധികൃതർക്കോ അനക്കമില്ല. രണ്ട് ചായക്കടയുൾപ്പടെ പെരുവഴിയിലാണ് ബിസിനസ്. ദിവസം കഴിയുംതോറും കടകളുടെ എണ്ണവും കൂടിവരുന്നുണ്ട്.

ഇടപ്പള്ളി ഗവ.എൽ.പി. സ്കൂൾ, യു.പി.സ്കൂൾ, എം.ജി യൂണിവേഴ്സ്റ്റി കോളേജ്, ചങ്ങമ്പുഴസ്മാരകഗ്രന്ഥശാല, ചങ്ങമ്പുഴ പാർക്ക്, ദേവൻകുളങ്ങര ഭഗവതി ക്ഷേത്രം, എൻ.എസ്.എസ്. കല്യാണമണ്ഡപം, ഗായത്രി കല്യാണ മണ്ഡപം എന്നിവയെല്ലാം ഏതാനും മീറ്ററുകൾ മാത്രം അകലെയാണ്.

വഴിക്കച്ചടവക്കാരുടെ മാലിന്യങ്ങളെല്ലാം സ്കൂളിന്റെ മതിൽകെട്ടിനോട് ചേർന്ന്

നിക്ഷേപിക്കുന്നത് മൂലം ആരോഗ്യ പ്രശ്നവും രൂക്ഷം.

ഈ കച്ചവട സ്ഥാപനങ്ങളെല്ലാം ഏതാനും മാസങ്ങൾക്ക് മുമ്പ് തൊട്ടടുത്തുള്ള ദേവൻകുളങ്ങര ജംഗ്ഷനിലായിരുന്നു. അപകടങ്ങളുംനിരന്തരം പരാതികളും പതിവായപ്പോൾ അവിടെ നിന്ന് ഒഴിപ്പിച്ചതാണ്. പകരം കൈയേറുന്നതിന് അധികൃതർ മൗന സമ്മതവും നൽകി. നഗരസഭ ഒരുകടയ്ക്ക് മാത്രമാണ് മാറ്റി സ്ഥാപിക്കാൻ അനുമതി നൽകിയത്. അതിന്റെ മറവിലാണ് മറ്റ് കൈയേറ്റങ്ങൾ.

ദേവൻകുളങ്ങര ജംഗ്ഷനിലെ അനധികൃത ഓട്ടോ, ഗുഡ്സ് സ്റ്റാൻഡുകൾ മാറ്റാനും കടക്കാരുടെ ഫുട്പാത്ത് കൈയേറ്റം ഒഴിപ്പിക്കാനും നഗരസഭ ഒരു നടപടിയുമെടുത്തിട്ടില്ല. ഗവ. ടി.ടി.ഐയുടെ സ്ഥലം നാല് സെന്റ് സ്ഥലം ഏറ്റെടുത്ത് ജംഗ്ഷൻ വികസിപ്പിക്കാൻ നടത്തിയ നീക്കങ്ങളെല്ലാം പാളിപ്പോയി. ഈ സ്ഥലമാണ് കൈയേറ്റക്കാരുടെ പക്കലുള്ളത്.

നടപ്പാത കൈയേറി നടത്തുന്ന കച്ചവടം സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ ഭീഷണിയാണ്. നഗരസഭ നിർദേശിച്ചാൽ നടപടിയെടുക്കും.

പി .ഷിബു, ഹെൽത്ത്‌ ഇൻസ്‌പെക്ടർ

പിന്നിൽ വഴിയോര കച്ചവട മാഫിയ

കൊച്ചി നഗരത്തിലെ വഴിയോര കച്ചവടത്തിന് പിന്നിലുള്ള വൻ ലോബികൾ തന്നെയാണ് ദേവൻകുളങ്ങരയിലെ വഴിക്കച്ചവടത്തിനും പിന്നിൽ. വലിയ വ്യാപാരികളുടെ ബിനാമികളും ഇവരിലുണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. തിരക്കേറിയ നിരത്തുകളിൽ കച്ചവടം സ്ഥലം സ്ഥാപിച്ച് പതിനായിരങ്ങൾ ഈടാക്കി മറിച്ചുവിൽക്കുന്നവരും നഗരത്തിലുണ്ട്. അയൽജില്ലകളിൽ നിന്നെത്തുന്ന ചെറുകിട വ്യാപാരികളാണ് ഇവരുടെ ഇരകൾ.പ്രാദേശിക രാഷ്ട്രീയ നേതാക്കളെ വരെ സ്വാധീനിച്ചാണ് ഈ ലോബികളുടെ നീക്കങ്ങൾ.

ഫുട്പാത്ത് ഏതാണ്ട് മുഴുവനായും വഴിക്കച്ചവടക്കാർ കൈയേറി

ജംഗ്ഷൻ വികസിപ്പിക്കാൻ നടത്തിയ നീക്കങ്ങളെല്ലാം പാളി