പെരുമ്പാവൂർ: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ വരുന്ന വിവിധ മേഖലാ കമ്മിറ്റികളിലും യൂണിറ്റുകളിലും പ്രവർത്തകർ നടത്തുന്ന പ്രളയബാധിതർക്കുള്ള അവശ്യവസ്തുക്കളുടെ സമാഹരണത്തിന് ആവേശകരമായ പ്രതികരണം. 4.5 ടൺ അരി, 1 ടൺ പഞ്ചസാര, മറ്റു ഭക്ഷ്യ ധാന്യങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ, സാനിറ്ററി പാഡുകൾ, കുടിവെള്ളം, ശുചീകരണ വസ്തുക്കൾ, വെളിച്ചെണ്ണ, പായകൾ, ബക്കറ്റ്, കപ്പ് തുടങ്ങി 20 ടണ്ണിനടുത്ത് അവശ്യ സാധനങ്ങളുമായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ നിന്ന് പുറപ്പെട്ട ആദ്യ ടോറസ് ലോറി വയനാട് കൽപ്പറ്റയിൽ എത്തി. ദൗത്യയാത്ര സി.പി.എം ഏരിയാ സെക്രട്ടറി പി.എം. സലീം ഫ്‌ളാഗ് ഓഫ് ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.ഇ. നൗഷാദ്, നിഖിൽ ബാബു, അരുൺ പ്രശോഭ്, സി.ബി.എ. ജബ്ബാർ, വി.കെ. സന്തോഷ്, ഗിരി ബേബി, ജി. ശ്രീജിത്ത്, ബിനേഷ് ബേബി, സനൽ മോഹൻ എന്നിവർ സംസാരിച്ചു. അവശ്യ വസ്തുക്കളുടെ സമാഹരണം തുടരുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.