കൊച്ചി : തുടർച്ചയായ പെരുമഴയിൽ എറണാകുളം ജില്ലയിലെ ആദിവാസികൾ ഒറ്റപ്പെട്ടു. ആദിവാസിക്കുടികൾക്ക് സമീപം ഉരുൾപൊട്ടലുകളുണ്ടായെങ്കിലും ആർക്കും അപായമില്ല. വഴികൾ തകർന്ന് ഒറ്റപ്പെട്ടുപോയ കുടികളിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിക്കുന്ന ദൗത്യത്തിലാണ് അധികൃതരും സന്നദ്ധസംഘടനകളും.
ആദിവാസികൾ ഏറ്റവുമധികം താമസിക്കുന്ന ജില്ലയുടെ കിഴക്കൻ മേഖലയെ മഴ സാരമായി ബാധിച്ചു. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴയിൽ ഒരു വീട് തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറിയെങ്കിലും നാശനഷ്ടങ്ങില്ല. അടയ്ക്ക, കുരുമുളക് തുടങ്ങിയ കൃഷികൾ പലയിടത്തും നശിച്ചു.
വെള്ളപ്പാച്ചിലിൽ തകർന്ന ഇടമലയാർ - താളുകണ്ടം റോഡ് ഇന്നലെ ഗതാഗതയോഗ്യമാക്കി. മണ്ണിടിഞ്ഞും കല്ലും പാറക്കൂട്ടവും നിലം പതിച്ചുമാണ് വഴികൾ നശിച്ചത്.
# ഉറിയംപെട്ടിയിൽ മെഡിക്കൽ ക്യാമ്പ്
പേമാരിയിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട് പോയ കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയംപെട്ടി ആദിവാസിക്കുടിയിൽ ആരോഗ്യ വകുപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കനത്ത മഴയും കാനന പാതയിലെ തടസങ്ങളും മറികടന്ന് കുട്ടമ്പുഴയിൽ നിന്ന് അഞ്ചര മണിക്കൂറോളം സഞ്ചരിച്ചാണ് ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ. ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഘം കുടിയിലെത്തിയത്.
കാണിക്കാരൻ കുഞ്ചിയപ്പൻ, ഊര് മൂപ്പൻ കാളിയപ്പൻ എന്നിവർ സംഘത്തെ സ്വീകരിച്ചു. ഉറിയംപെട്ടി കമ്യൂണിറ്റി ഹാളിൽ കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. അനൂപ് തുളസി, ജില്ലാ ട്രൈബൽ മൊബൈൽ ടീമിലെ ഡോ. ദീപേഷ് എന്നിവർ രോഗികളെ പരിശോധിച്ചു.
# ഭക്ഷ്യവസ്തുക്കൾ എത്തിക്കും
ആദിവാസി മേഖലകളിൽ ജൂലായ് അവസാനം 15 കിലോ അരി എത്തിച്ചു നൽകിയിരുന്നു. പലവ്യഞ്ജനങ്ങൾ ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ദിവസത്തിനകം നൽകും. സപ്ളൈകോയിൽ നിന്ന് കിറ്റുകൾ ലഭിക്കുന്ന മുറയ്ക്ക് കോളനികളൽ എത്തിക്കും. കൂടുതൽ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.
അനിൽകുമാർ
ജില്ലാ ട്രൈബർ ഡവലപ്മെന്റ് ഓഫീസർ
# ആദിവാസി മേഖലകൾ
കുട്ടമ്പുഴ
ഇടമലയാർ
പൊങ്ങിൻചുവട്
മണികണ്ഠൻചാൽ
പിണവൂർകുടി
തലവച്ചപാറ
താളുകണ്ടം
വെള്ളാരംകുത്ത്
കുഞ്ചിപ്പാറ
കല്ലേലിമേട്
പന്ത്രപ്ര
ജില്ലയിലെ ആദിവാസികൾ : 4941
ജനസംഖ്യാനുപാതം : 1.54