yard
ചവർപാടത്ത് നിന്ന് മഴവെള്ളം പെരിയാറിലേക്ക് ഒഴുകിയിരുന്ന വലിയ തോടിന് പകരം മെട്രോ യാർഡിന് പുറത്ത് നിർമ്മിച്ച ചെറിയ കാന

ആലുവ: മെട്രോ യാർഡ് നിർമ്മാണത്തിന് വലിയ കാന നികത്തിയത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായി ആരോപണം. കുന്നത്തേരി, തായിക്കാട്ടുകര തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ചവർപാടത്ത് നിന്ന് വീതികൂടിയ തോട്ടിലൂടെ മുട്ടം ഭാഗത്ത് പെരിയാറിലേക്ക് എത്തുകയായിരുന്നു പതിവ്.

മെട്രോ യാർഡിനായി വിശാലമായ തോട് നികത്തിയതോടെയാണ് വെള്ളക്കെട്ട് പ്രശ്‌നം ഉടലെടുത്തത്. വീതികൂടിയ തോടിന് പകരം യാർഡിന്റെ മതിൽകെട്ടിന് ചുറ്റുമായി ചെറിയ കാനപോലെ നിർമ്മിക്കുകയാണ് ചെയ്തത്. രണ്ട് വർഷമായി തോട് ഇല്ലാതായ ദുരിതം അനുഭവിക്കുകയാണ് ഇവിടത്തുകാർ. മഴവെള്ളം മുഴുവൻ പാടശേഖരത്തിലും റോഡുകളിലും വീടുകളിലും കെട്ടിനിൽക്കുന്ന അവസ്ഥയാണ്. നിരവധി കുടുംബങ്ങളാണ് ഇതുകാരണം ക്യാമ്പിലേക്ക് മാറേണ്ടിവന്നത്.

# പ്രതിഷേധവുമായി നാട്ടുകാർ

ചൂർണിക്കര ചവർപ്പാടത്തിന്റെ വശങ്ങളിൽ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. രണ്ടോ മൂന്നോ ദിവസം തുടർച്ചയായി മഴ പെയ്താൽ ഈ വീടുകൾ മുങ്ങും. മെട്രൊ യാർഡ് വന്നതിന് ശേഷമാണ് ഈ അവസ്ഥയെന്ന് ഇവിടത്തെ താമസക്കാർ പറയുന്നു. വീതികൂടിയ തോട്ടിലൂടെ പാടങ്ങളിലെ വെള്ളം മുതിരപ്പാടം വഴി മുട്ടം എസ്.സി.എം.എസ് കോളജിന് സമീപത്ത് കൂടി സുഗമമായി പുഴയിലേക്ക് ചെന്നാലേ പ്രശ്നത്തിന് പരിഹാരമാകുകയുള്ളു. തോട് വീതികൂട്ടി, സംരക്ഷണ ഭിത്തി കെട്ടി, പായൽ നീക്കി സംരക്ഷിqണമെന്ന് ആവശ്യപ്പെട്ട് വകുപ്പു മന്ത്രിക്കടക്കം പരാതി കൊടുക്കാനിരിക്കുകയാണ് നാട്ടുകാർ.

# നികത്തലിന് ഇനി അനുമതിയില്ല

കൊച്ചി മെട്രോക്ക് ഇനിയും പാടശേഖരം നികത്താൻ ഒരു കാരണവശാലും പഞ്ചായത്ത് അനുമതി നൽകില്ല.

ബാബു പുത്തനങ്ങാടി,

പഞ്ചായത്ത് പ്രസിഡന്റ്