ksrtc
റോഡിലെ കുഴിയിൽ വീണ് പണിമുടക്കിയ ലോഫ്ളോർ ബസ്

പെരുമ്പാവൂർ: പൊതുമരാമത്ത് വകുപ്പിന്റെ പെരുമ്പാവൂർ, കുറുപ്പംപടി സെക്ഷനുകൾക്ക് കീഴിൽ വരുന്ന വിവിധ റോഡുകൾ മഴ ശക്തമായതോടെ കുഴികൾ നിറഞ്ഞ് കുളമായി. മഴക്കാലം തുടങ്ങുന്നതിന് മുൻപ് അറ്റകുറ്റപ്പണി നടത്തേണ്ടിയിരുന്ന റോഡുകളിൽ പലതിലും മഴ തുടങ്ങിയതോടെയണ് പണി തുടങ്ങിയത്. ലക്ഷങ്ങൾ പൊടിച്ചെങ്കിലും റോഡുകളുടെ അവസ്ഥ ഇപ്പോൾ പരമ ദയനീയമാണ്.

# ആലുവ - മൂന്നാർ റോഡിനും ദുർഗതി

കുറുപ്പംപടി സെക്ഷന് കീഴിൽ വരുന്ന ഇരിങ്ങോൾ മുതൽ ഓടക്കാലി വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തി. പക്ഷേ മഴയത്ത് റോഡ് തകർന്നുതുടങ്ങിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ആലുവ - മൂന്നാർ റോഡ് സഞ്ചാരയോഗ്യമല്ലാതായി. എട്ടുവർഷം മുൻപ് ബി.എം ബി.സി നിലവാരത്തിൽ ചെയ്ത റോഡാണിത്. ഇപ്പോൾ മൂന്നു പ്രാവശ്യം ഈ റോഡിൽ അറ്റകുറ്റപ്പണി നടത്തിക്കഴിഞ്ഞു.

തകർന്ന് വെള്ളംകെട്ടിക്കിടക്കുന്ന റോഡുകളിലൂടെ ചാഞ്ചാടിയാണ് വാഹനങ്ങളുടെ യാത്ര. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ വിഷമിക്കുന്നത്. ഏതുസമയവും കുഴിയിൽ വീണ് അപകടമുണ്ടാകാം. കഴിഞ്ഞദിവസം ബൈപ്പാസ് റോഡിലെ കുഴിയിൽ വീണ് കെ.എസ് ആർ.ടി.സി ബസ് പണിമുടക്കി. മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പി. പി. റോഡിലെ സ്ഥിതിയും വ്യത്യസ്തമല്ല. പൊതുമരാമത്ത് വകുപ്പ് സെക്ഷനാഫീസിന്റെ സമീപറോഡും താറുമാറായ അവസ്ഥയിലാണ്.