മൂവാറ്റുപുഴ: മാലിന്യ സംസ്കരണ രംഗത്ത് പുതിയ അദ്ധ്യായം രചിക്കാനായി മൂവാറ്റുപുഴ നഗരസഭയും നോർതാംപസ് ഇ.എൻ.വി സൊലൂഷനും സംയുക്തമായി നഗരസഭയിൽ നടപ്പാക്കുന്ന ഹരിത മൂവാറ്റുപുഴ മിഷൻ പദ്ധതിക്ക് തുടക്കമാകുകയാണെന്ന് നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗരസഭ പ്രദേശത്തെ സമ്പൂർണ മാലിന്യ നിർമ്മാർജനത്തിനുവേണ്ടി സർക്കാർ നിർദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള പദ്ധതിയാണ് ഹരിത മൂവാറ്റുപുഴ മിഷൻ.
പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയുടെ വളക്കുഴി ഡമ്പിംഗ് യാഡിൽ പ്ലാസ്റ്റിക് ഷ്രെഡ്രിംഗ് യൂണിറ്റ് പ്രവർത്തിക്കും. ജെെവ മാലിന്യങ്ങൾ ഉറവിട കേന്ദ്രത്തിൽ തന്നെ സംസ്കരിക്കുമ്പോൾ ഡംബിംഗ് യാഡിന് സമീപമുള്ള മൂന്നു വാർഡുകളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയാകുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
വെെസ് ചെയർമാൻ പി.കെ. ബാബുരാജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി ദിലീപ്, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സഹീർ, പദ്ധതി കോ- ഓർഡിനേറ്റർ സക്കറിയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
# മാലിന്യ സംസ്കരണം ഓരോ പൗരന്റെയും ഉത്തരവാദിത്വവും ചുമതലയുമാണെന്ന അവബോധം സൃഷ്ടിക്കുക
# സമൂഹത്തിലാകെ ശാസ്ത്രീയ മാലിന്യസംസ്കരണ സംസ്കാരം സൃഷ്ടിക്കുക
# ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലുടെ നേതൃത്വത്തിൽ സുസ്ഥിരമാക്കുക
# 28 വാർഡുകളിലും വാർഡ് സഭകൾ കൂടി ബോധവത്കരണം നടത്തും.
# ജെെവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കും
# അജെെവമാലിന്യങ്ങൾ ശേഖരിക്കും
# ഇവ റീസൈക്കിൾ ചെയ്ത് വിവിധ ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കും.
# ഇതിനായി കുടുംബശ്രീയിലെ രണ്ട് അംഗങ്ങളെ ഓരോവാർഡിലും തിരഞ്ഞെടുക്കും.
# ഇവർക്ക് പ്രത്യേക പരിശീലനം നൽകും. ഇവരെ ഹരിത കർമ്മസേന എന്ന പേരിൽ അറിയപ്പെടും.