jessal
ജെസൽ കാർനെറോ

കൊച്ചി : ഗോവയിലെ കർട്ടോറിം സ്വദേശിയായ ജെസൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്‌സിൽ അംഗമായി. ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത സീസണിൽ അദ്ദേഹം ബ്ളാസ്റ്റേഴ്സിനായി ബൂട്ടണിയും.

29 കാരനായ ജെസൽ ഡെമ്പോ സ്‌പോർട്ടിംഗ് ക്ലബിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. 2018 19 വർഷം പഞ്ചാബിൽ നടന്ന സന്തോഷ് ട്രോഫിയിൽ രണ്ടാം സ്ഥാനം നേടിയ ഗോവ ടീമിന്റെ നായകനായിരുന്നു ജെസൽ. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മികവ് കാട്ടുന്ന കളിക്കാരനായ ജെസൽ മുമ്പ് സാൽഗോക്കർ, എഫ്‌.സി. പൂനെ, ഡെമ്പോ എസ്‌.സി എന്നിവയ്ക്കായും കളിച്ചിട്ടുണ്ട്.
'ഇന്ത്യൻ സൂപ്പർ ലീഗിലെ തന്റെ അരങ്ങേറ്റ സീസണാണിതെന്ന് ജെസൽ കാർനെറോ പറഞ്ഞു. തന്റെ ഫുട്‌ബാൾ കരിയറിലെ വഴിത്തിരിവായി ബ്ളാസ്റ്റേഴ്സിലെ കളി മാറുമെന്ന് ജെസെൽ പറഞ്ഞു.
പ്രതിരോധനിരയിൽ ജെസൽ ടീമിന് മുതൽക്കൂട്ടാകുമെന്ന് ബ്ളാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.