കൊച്ചി: ദിവസങ്ങൾ നീണ്ടുനിന്ന പേമാരിക്ക് ശേഷം ഇന്നലെ മാനം തെളിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ഏലൂർ, മുപ്പത്തടം നിവാസികൾ. മുറ്റത്തും വീടിനുള്ളിലും ശേഷിച്ചിരുന്ന ചെളി കഴുകികളഞ്ഞ്, നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ മുറ്റത്ത് ഉണക്കാനിട്ട് , പ്രളയം തിരിച്ചുവരുമോയെന്ന ഭീതിയിൽ ഭാവിയിലെ ആകുലതകൾ അവർ പങ്കുവച്ചു.

# മഴ മാറാതെ ജോലിക്കില്ല

കഴിഞ്ഞ പ്രളയത്തിന്റെ ഓർമ്മകൾ വേട്ടയാടുന്നതിനാൽ ബീഹാർ സ്വദേശിയായ ജനാർദന ശർമ്മ കാർമേഘങ്ങളെ കണ്ടാൽ പണിസ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ ദൂരെ ബിനാനിപുരത്തെ വാടകവീട്ടിലേക്ക് പായും. ഭാര്യയും അഞ്ചും മൂന്നും വയസുകാരായ മക്കളും മാത്രമാണ് വീട്ടിലുള്ളത്. കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണമായി മുങ്ങി. ക്യാമ്പിൽ നിന്ന് ലഭിച്ച തുണിയും വീട്ടുസാധനങ്ങളും കൊണ്ടാണ് പിടിച്ചുനിന്നത്. ഇത്തവണ രാത്രിയിലാണ് വെള്ളം മുറിയിലെത്തിയത്. വീട്ടുടമയുടെ വീട്ടിലേക്ക് നേരത്തെ സാധനങ്ങളെല്ലാം മാറ്റിയതിനാൽ സമാധാനത്തോടെ ക്യാമ്പിലേക്ക് മാറി. നാലു ദിവസം ക്യാമ്പിൽ തങ്ങി. ഫർണിച്ചർ പണിക്കാരനായ ജനാർദന ശർമ്മ രണ്ടര വർഷം മുമ്പാണ് കൊച്ചിയിലെത്തിയത്.

# കെടുതികൾ നേരിട്ടറിഞ്ഞ് ജമാൽ

കഴിഞ്ഞ തവണ ഗൾഫിലെ ജോലി സ്ഥലത്തിരുന്ന് പ്രളയം വരുത്തിവച്ച നഷ്ടങ്ങൾ കേട്ടറിഞ്ഞ ജമാൽ ഇത്തവണ വീടിന്റെ പരസരം മുഴുവൻ വെള്ളത്തിലാകുന്നത് കണ്ടുനിന്നു. സാധനങ്ങൾ മുഴുവൻ തട്ടിൽ കെട്ടിവച്ച് വീട്ടുകാരെയും കൂട്ടി ക്യാമ്പിലേക്ക് മാറി.

# ജോലിയില്ലാതെ ജോയി

മുപ്പത്തടം വോൾട്ടാസ് കമ്പനിയിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്ന ജോയിയുടെ വീട്ടും വീട്ടുസാധനങ്ങളും മാത്രമല്ല തൊഴിലും കഴിഞ്ഞ പ്രളയത്തിൽ ഒഴുകിപ്പോയി. 32 പേരാണ് പണിയെടുത്തിരുന്നത്. കനത്ത നഷ്ടം സംഭവിച്ചതോടെ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. വരുമാന മാർഗം അടഞ്ഞു. ഒരു ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പയെടുത്ത് വീട്ടുസാധനങ്ങൾ വാങ്ങി. തറയിൽ ടൈൽ പാകി. തുക തിരിച്ചടയ്ക്കാൻ പെടാപാടു പെടുന്നതിനിടെ കഴിഞ്ഞ ആഴ്ച വീണ്ടും വീട്ടിൽ വെള്ളം കയറി.

# ആദ്യം വെള്ളമെത്തുന്ന പാലറ

മഴ ഒന്നു കടുപ്പിച്ച് പെയ്താൽ ആദ്യം വെള്ളത്തിലാകുന്നത് മുപ്പത്തടം പാലറ വിഷണുനിവാസിൽ വിശ്വംഭരന്റെ വീടാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. കഴിഞ്ഞ പ്രാവശ്യം കഴുത്തറ്റം വെള്ളത്തിൽ നീന്തുമ്പോഴും പ്രാണനെ പോലെ സ്നേഹിച്ച തത്തയെ ഒപ്പം കൂട്ടാൻ മറന്നില്ല. വീട്ടിലുണ്ടായിരുന്ന കോഴികൾ മുഴുവൻ ഒഴുകിപ്പോയി. നായയെ അഴിച്ചുവിട്ടു. ക്യാമ്പ് വാസം കഴിഞ്ഞെത്തിയപ്പോൾ വീട് കാലിയായിരുന്നു. അന്ന് കേടായ ഫ്രിഡ്ജ് ഇപ്പോഴും മുറ്റത്ത് ഒരു കോണിലുണ്ട്. മിക്സിയും വാങ്ങാൻ കഴിഞ്ഞിട്ടില്ല. ഭാര്യ രേണുക ഹൃദോഗിയാണ്. മകൻ വിഷ്ണു തൊഴിൽരഹിതൻ. കൂലിപ്പണിയെടുത്താണ് വിശ്വംഭരൻ കുടുംബം പുലർത്തുന്നത്. പട്ടികജാതിക്കാരായിട്ടും പതിനായിരം രൂപ മാത്രമാണ് സർക്കാരിൽ നിന്ന് ലഭിച്ചത്.

# മിണ്ടാപ്രാണികളെ രക്ഷിച്ച് ബീവി

മഴ തുടങ്ങിയശേഷം ഇന്നുവരെ പാലറ തുരുത്ത് കിഴക്കേലൻ വീട്ടിൽ ബീവി നേരെചൊവ്വേ ഉറങ്ങിയിട്ടില്ല. വെള്ളം വീട്ടിലേക്ക് വരുന്നുണ്ടോയെന്ന് നോക്കി നേരംവെളുക്കും വരെ ഭർത്താവിനൊപ്പം വരാന്തയിൽ ഇരിക്കും. കഴിഞ്ഞ തവണ വീട് മുഴുവൻ മുങ്ങിയതിനാൽ ഇത്തവണ ഉയർന്ന പ്രദേശത്തുള്ള വീടിന്റെ രണ്ടാം നിലയിലേക്ക് വീട്ടുസാധനങ്ങൾ മാറ്റി. വീടിനുള്ളിൽ വെള്ളമെത്തിയതോടെ വഞ്ചിയുമായി പഞ്ചായത്ത് മെമ്പറെത്തി.

ബഹളത്തിനിടെയാണ് വീട്ടിലുണ്ടായിരുന്ന ആട് പെറ്റത്. നാലു കുഞ്ഞുങ്ങൾ. ആട്ടിൻകുഞ്ഞുങ്ങളെയും തള്ളയെയും റെയിൻകോട്ടിൽ പൊതിഞ്ഞ് അടുത്ത വീടിന്റെ ടെറസിൽ വിട്ടാണ് ക്യാമ്പിലേക്ക് പോയത്. പിറ്റേന്ന് ബന്ധുവീട്ടിൽ നിന്ന് കാടിയും പ്ളാവിലയും ശേഖരിച്ച് വഞ്ചിയിലെത്തി ആട്ടിൻപറ്റത്തിന് തീറ്റ നൽകി.

പെരുന്നാളിന്റെ തലേന്നാണ് ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ തവണ വീട്ടുസാധനങ്ങൾ മുഴുവൻ നഷ്ടമായി. രണ്ടു വട്ടം പെയിന്റ് അടിച്ചിട്ടും വീട് വൃത്തിയായില്ല. അതിനിടെയാണ് അടുത്ത പേമാരി. 17 വരെ മഴ തുടരുമെന്ന് ഭീഷണിയുള്ളതിനാൽ അടുത്ത വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ അനക്കിയിട്ടില്ല. അത്യാവശ്യം പാചകത്തിനുള്ള പാത്രങ്ങളും കട്ടിലും മാത്രമാണ് വീട്ടിലുള്ളത്.

# രാഷ്‌ട്രിയക്കാർ പക്ഷഭേദം കാട്ടിയെന്ന്

കഴിഞ്ഞ തവണ 15 ദിവസം വീട് വെള്ളത്തിലായി. സാധനങ്ങൾ മുഴുവൻ നശിച്ചു. ദരിദ്രരും രോഗികളായ വൃദ്ധദമ്പതികൾ മാത്രമാണ് വീട്ടിലുള്ളത്. എന്നിട്ടും പതിനായിരം രൂപ നഷ്‌പരിഹാരം തന്ന് സർക്കാർ തങ്ങളെ കബളിപ്പിച്ചെന്നാണ് മറിയാമ്മ ( 64 )യുടെ പരാതി. വീട്ടിൽ വെള്ളം കയറിയതനാൽ ഇത്തവണയും മാറേണ്ടിവന്നു. കാർഡ് എ.പി.എൽ മാറിയതോടെ ഭക്ഷണത്തിനും വകയില്ലെന്ന് അവർ പറഞ്ഞു.