കാക്കനാട് :വില്ലേജ് ഓഫീസർ ജനപ്രതിനിധികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് തൃക്കാക്കര നഗര സഭ കൗൺസിൽയോഗത്തിൽ ആരോപണം. പ്രളയവുമായി ബന്ധപ്പെട്ട് നഗരസഭ അദ്ധ്യക്ഷ ഷീല ചാരു വിളിച്ചപ്രത്യേക കൗൺസിൽ യോഗത്തിലാണ് കൗൺസിലർമാർ കാക്കനാട് വില്ലേജ് ഓഫീസർക്കെതിരെ രംഗത്തെത്തിയത്.കാക്കനാട് വില്ലേജ് ഓഫീസർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജിജോ ചിങ്ങത്തറ കൗൺസിൽ യോഗത്തിൽ ആരോപിച്ചു.ഒരു വിഷയത്തിൽ തന്നെ ജനപ്രതിനിധികളോട് രണ്ടുരീതിയിൽ പറയുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് നഗരസഭ നിർമ്മിച്ച കെട്ടിടം കളക്ടറുടെ ഉത്തരവ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് നിർമ്മാണം തടഞ്ഞു.എന്നാൽ കളക്ടറുമായി സംസാരിച്ചപ്പോൾ ഈ വിഷയം അറിയില്ലെന്ന് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോകാൻ നിർദേശിക്കുകയായിരുന്നുവെന്ന് അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി.
അത്താണി കീരേലിമല 21 കോളനിയിൽ അപകടാവസ്ഥയിൽ കഴിയുന്ന 13 കുടുംബങ്ങൾക്ക് അത്താണിയിൽ പാറമടയ്ക്ക് സമീപം രണ്ട് സ്ഥലങ്ങളിലായി റവന്യൂ വകുപ്പിന്റെ 50സെൻറ് സ്ഥലം പട്ടയം നൽകുമെന്ന് കാക്കനാട് വില്ലേജ് ഓഫീസർ അറിയിച്ചതായി വാർഡ് കൗൺസിലർ എം .ടി ഓമന ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ പറഞ്ഞു.മുൻഗണന ക്രമത്തിൽ 20 നറുക്കെടുപ്പ് നടത്തുമെന്നും എം .എം നാസർ പറഞ്ഞു.വർഷങ്ങൾക്ക് മുമ്പ് ശ്മശാനത്തിന് സ്ഥലം എടുത്തപ്പോൾ അവിടെനിന്നും മാറ്റിപ്പാർപ്പിച്ചവരാണ് 13 കുടുംബങ്ങൾ,പകരം കണ്ടെത്തുന്ന ഭൂമി അനുയോജ്യമാണോയെന്ന് മുൻസിപ്പൽ-റവന്യൂ അധികൃതർ സംയുക്ത പരിശോധന നടത്തണമെന്ന് വൈസ്.ചെയർമാൻ കെ .ടി . എൽദോ പറഞ്ഞു.ഭവന രഹിതക്കായുള്ള അപേക്ഷ എഴുതാൻ നഗര സഭക്ക് സമീപത്തിരിക്കുന്നവർ അമിത ചാർജ്ജ് വാങ്ങുന്നതായി കെ .എ നജീബ്പറഞ്ഞു.ഇടപ്പള്ളി തോട് പോളനീക്കി വെള്ളം ഒഴികിപ്പോകാനുളള നടപടി സ്വീകരിക്കണമെന്ന് അജ്ജുന ഹാഷിമും.തുതിയൂർ കറിയിൽ കോളനിയിൽ പ്രളയത്തിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ മൂലമ്പളളി പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഭൂമിയിലേക്ക് പുനരധിവസിപ്പിക്കണമെന്ന് സി .പി സജിലും ആവശ്യപ്പെട്ടു.