മൂവാറ്റുപുഴ: ആശങ്ക ഉയർത്തി മൂവാറ്റുപുഴയിൽ വീണ്ടും കനത്ത മഴ. തുടർച്ചയായി ഉണ്ടാകുന്ന മഴയിൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നതും മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നതും മൂവാറ്റുപുഴയിൽ വീണ്ടും വെള്ളപ്പൊക്കഭീഷണി ഉയർത്തുകയാണ്. മഹാപ്രളയം ദുരിതം വിതച്ച ഒന്നാം വാർഷികത്തിൽ തനിയാവർത്തനം ഉണ്ടാകുമെന്ന ആശങ്കയിലാണ് നഗരവാസികൾ.
കഴിഞ്ഞ ആഗസ്റ്റ് 15ന് ആണ് മൂവാറ്റുപുഴയെ മുക്കിയ മഹാപ്രളയം ഉണ്ടായത്. സാധാരണഗതിയിൽ കാല വർഷത്തിൽ മഴ പെയ്യുകയും താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറുകയും ചെയ്തിരുന്നു. വീണ്ടും വെള്ളം കയറുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാതിരുന്ന സമയത്താണ് ആഗസ്റ്റ് 14ന് ആരംഭിച്ച ശക്തമായ മഴ 15ന് മൂവാറ്റുപുഴയെ മുക്കുന്ന മഹാപ്രളയമായി മാറുകയായിരുന്നു.
# വ്യാപാര, കാർഷിക മേഖലകൾ തകർന്നടിഞ്ഞു
അപ്രതീക്ഷിതമായി ഇക്കുറി പ്രളയമെത്തിയപ്പോൾ തകർന്നടിഞ്ഞത് മൂവാറ്റുപുഴയുടെ വ്യാപാരമേഖലയും കാർഷിക മേഖലയുമായിരുന്നു. വെള്ളം കയറി ശുചീകരണം നടത്തിയ വീടുകളിലടക്കം രണ്ടാമതും വെള്ളം കയറിയപ്പോൾ ഒരു സമൂഹത്തിന്റെ പ്രതീക്ഷകളാണ് പൊലിഞ്ഞത്. ദുരിതാശ്വാസ ക്യാമ്പുകളിലടക്കം വെള്ളം കയറിയതോടെ പുതിയ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ട അവസ്ഥയിലായി കാര്യങ്ങൾ. വൈദ്യുതി, കുടിവെള്ളം, മൊബൈൽ റേഞ്ചുകളടക്കം നിലച്ചതും കടകളിൽ നിത്യോപയോഗ സാധനങ്ങൾ കിട്ടാതായതും ജനജീവിതത്തെ ദുരിതത്തിലാക്കി. ഇതിന് സമാനമായ രീതിയിലാണ് ഇക്കുറിയും മഴപെയ്യുന്നത്.
# തീരാ മഴ, തോരാ ദുരിതം
കഴിഞ്ഞ മൂന്നു ദിവസങ്ങലായി വെള്ളം കയറിക്കിടന്ന വീടുകൾ ശുചീകരിച്ച് താമസം ആരംഭിച്ചതോടെയാണ് ഇടത്തീപോലെ വീണ്ടും മഴയാരംഭിച്ചിരിക്കുന്നത്. മൂവാറ്റുപുഴയാർ നിറഞ്ഞൊഴുകുന്നതും മലങ്കര ഡാമിലേക്കുള്ള നീരൊഴുക്കിൽ വർദ്ധനവ് ഉണ്ടായാൽ ഡാം ഇനിയും തുറന്നുവിടുമെന്ന അധികൃതരുടെ മുന്നറിയിപ്പും പ്രദേശവാസികളെ വ്യാകുലപ്പെടുത്തുന്നു.