കൊച്ചി : കണ്ണൂർ നഗരസഭാ മേയർക്കെതിരെ ആഗസ്റ്റ് 17 നു നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ച സമാധാനപരമാണെന്നും നഗരസഭാംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിയുന്നുണ്ടെന്നും പൊലീസും കളക്ടറും ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കൗൺസിലർമാരെ തടഞ്ഞു വെക്കുന്നില്ലെന്ന് ഉറപ്പാക്കണം, ഇവരുടെ ജീവനും സ്വത്തിനും ഭീഷണിയില്ലെന്ന് ഉറപ്പാക്കണം എന്നീ നിർദ്ദേശങ്ങളാണ് പൊലീസിനു നൽകിയിട്ടുള്ളത്. യു.ഡി.എഫ് അംഗങ്ങളെ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാൻ സി.പി.എം ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാരായ ടി.ഒ. മോഹനൻ, സി. സമീർ എന്നിവർ നൽകിയ പൊലീസ് സംരക്ഷണ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ആഗസ്റ്റ് അഞ്ചിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഇതിനു ശേഷം ഭീഷണിയുണ്ടെന്നും പൊലീസിൽ പരാതി നൽകിയിട്ടു നടപടിയില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി ആഗസ്റ്റ് 20 ന് വീണ്ടും പരിഗണിക്കും.