കൊച്ചി: തങ്ങളുടെ നാടിനെ മുക്കിയ 2018ലെ പ്രളയത്തിന്റെ വാർഷികത്തിൽ, മഴക്കെടുതിമൂലം വലയുന്ന മറ്റു നാടുകളെ സഹായിക്കാൻ അവശ്യ വസ്തുക്കൾ ശേഖരിച്ചു കാഞ്ഞൂർ ആറങ്കാവ് ഗ്രാമം. എറണാകുളം പ്രസ് ക്ലബിന്റെ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി "നാടിനായി നന്മയാകാം" വഴി പ്രളയമേഖലകളിൽ വിതരണം ചെയ്യുന്നതിനാണ് ആറങ്കാവിലെ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചത്.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഒറ്റപ്പെട്ട ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിരുന്നു. ഗ്രാമവാസികളേറെയും ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. അന്നു തങ്ങളുടെ നാടിനെ സഹായിക്കാനെത്തിയതു മറ്റു നാടുകളിലെ സുമനസുകളാണ് ഇക്കുറി ദുരിതാശ്വാസ സാധനങ്ങൾ സമാഹരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നു നാട്ടുകാർ പറഞ്ഞു.
വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും ഉൾപ്പടെയുള്ളവയാണു സമാഹരിച്ചത്. എറണാകുളം പ്രസ് ക്ലബിന്റെ വോളണ്ടിയർമാർ വഴിയാണു വെള്ളപ്പൊക്ക മേഖലകളിലേക്കു ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുക. പ്രസ് ക്ലബിന്റെ ദുരിതാശ്വാസ പദ്ധതിക്ക് ഇന്നലെയും നിരവധി വ്യക്തികളും സ്ഥാപനങ്ങളും പിന്തുണയുമായെത്തി.