# കനത്ത മഴ കോതമംഗലത്ത്
കൊച്ചി : ചൊവ്വാഴ്ച രാത്രി പെയ്ത മണിക്കൂറുകൾ നീണ്ട കനത്ത മഴയും പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പുയർന്നതും ആശങ്ക സൃഷ്ടിച്ചെങ്കിലും അപായമില്ല. ജില്ലയുടെ കിഴക്കൻ മേഖലയായ കോതമംഗലം താലൂക്കിലാണ് ഏറ്റവും കനത്ത മഴ പെയ്തത്. ശക്തമായ കാറ്റും വീശിയെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല.
ചൊവ്വാഴ്ച രാത്രി ഏഴോടെ ആരംഭിച്ച മഴ ഇന്നലെ പുലർച്ച വരെ നീണ്ടു. ഇടുക്കി ജില്ലയിലും ശക്തമായ മഴയായതിനാൽ പെരിയാറിൽ ജലനിരപ്പ് വർദ്ധിച്ചു. ഇന്നലെ മാത്രം അര മീറ്ററോളം ജലനിരപ്പ് പെരിയാറിൽ വർദ്ധിച്ചു.
# 80.27 മില്ലീമീറ്റർ മഴ
ജില്ലയിൽ ഇന്നലെ എട്ടു വരെയുള്ള 24 മണിക്കൂറിനിടയിൽ 80.27 മില്ലീമീറ്റർ മഴയാണ് പെയ്തത്. കോതമംഗലം താലൂക്കിൽ മാത്രം 81.6 മില്ലീമീറ്റർ മഴയും പെയ്തു. പെരിയാർ തീരത്തെ നാല്പത്താറേക്കറിൽ നിന്ന് ജനങ്ങളെ മാറ്റി. നേര്യമംഗലം ഗവ. എൽ.പി സ്കൂളിലെ ക്യാമ്പിൽ 24 കുടുംബങ്ങളിലെ 90 പേർ താമസിക്കുന്നുണ്ട്.
# മലങ്കര ഷട്ടറുകൾ ഉയർത്തി
തൊടുപുഴയിലെ മലങ്കര അണക്കെട്ടിന്റെ ആറു ഷട്ടറുകളും ഉച്ചയ്ക്ക് 12.45 ന് 10 സെന്റീമീറ്റർ കൂടി ഉയർത്തി. 30 സെന്റീമീറ്ററാണ് ഇപ്പോൾ ഷട്ടറുകൾ ഉയർന്നുനിൽക്കുന്നത്. തൊടുപുഴയാറിൽ 30 സെന്റീ മീറ്റർ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
# കടലിൽ പോകുന്നത് തടയും
മോശം കാലാവസ്ഥയും കടൽക്ഷോഭവും കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് താെഴിലാളികൾ പോകുന്നത് ഫിഷറീസ് അധികൃതർ വിലക്കി. യാനങ്ങൾ പുറപ്പെട്ടാൽ തടയാൻ വൈപ്പിനിലെ ഫിഷറീസ് സ്റ്റേഷൻ നടപടി സ്വീകരിച്ചു.
# ജലനിരപ്പ്
ഭൂതത്താൻകെട്ട്
വൈകിട്ട് 4 ന് : 27.85 മീറ്റർ
ഇടമലയാർ
വൈകിട്ട് ന് : 40.26 മീറ്റർ
മലങ്കര :
വൈകിട്ട് ന് : 149.67 മീറ്റർ
പെരിയാർ
കാലടി : 4.055 മീറ്റർ
ആലുവ : 1.80 മീറ്റർ
മംഗലപ്പുഴ : 1.705 മീറ്റർ
# ദുരിതാശ്വാസ ക്യാമ്പുകൾ
ആകെ : 35
കുടുംബങ്ങൾ : 984
അന്തേവാസികൾ : 3,116
# അവസാനിപ്പിച്ച ക്യാമ്പുകൾ
ആകെ : 138
കുടുംബങ്ങൾ : 3727
അന്തേവാസികൾ : 13,101