കൊച്ചി : മറൈൻഡ്രൈവ് വാക്ക് വേയിലെ അനധികൃത തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കാൻ പൊലീസ് എത്രയും വേഗം നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മറൈൻ ഡ്രൈവ് വാക്ക് വേയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻവയോൺമെന്റൽ മോണിട്ടറിംഗ് ഫോറത്തിൽ അംഗമായ രഞ്ജിത്ത്. ജി. തമ്പി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. വാക്ക് വേയിലെ തെരുവു കച്ചവടത്തിന് കൊച്ചി നഗരസഭ അനുമതി നൽകിയിട്ടില്ലെന്ന് കോർപ്പറേഷൻ സെക്രട്ടറി ആർ.എസ്. അനു ഇന്നലെ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരിച്ചു. തുടർന്നാണ് ഇവരെ ഒഴിപ്പിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. നഗരസഭ തയ്യാറാക്കിയ തെരുവു കച്ചവടക്കാരുടെ പട്ടികയിൽ തങ്ങളെ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് പൊന്നാരിമംഗലം സ്വദേശി നൗഷാദ് ഉൾപ്പെടെയുള്ളവർ 2018 ൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇൗ ഹർജിക്കാർ നൽകുന്ന നിവേദനം ആറാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കാൻ 2018 ഫെബ്രുവരിയിൽ സിംഗിൾബെഞ്ച് നഗരസഭക്ക് നിർദ്ദേശം നൽകിയിരുന്നു. അതുവരെ ഇവരെ ഒഴിപ്പിക്കുന്നത് സ്റ്റേ ചെയ്തിരുന്നു. ഇൗ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ 2018 ലെ വിധി നിലവിൽ നില നിൽക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.