nawshad
ദുരിതാശ്വാസ ക്യാമ്പിലേക്ക് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ കുട്ടികളുടെ വിഭവസമാഹരണം നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ബക്രീദ്, ഓണക്കച്ചവടത്തിനായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ദാനം ചെയ്ത എറണാകുളം ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദിന് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെയും അദ്ധ്യാപകരുടെയും ആദരവ്. മാലിപ്പുറത്തെ നൗഷാദിന്റെ വീട്ടിൽ എത്തിയാണ് ആദരിച്ചത്. രക്ഷാകർത്താക്കളും ഞാറക്കൽ സി ഐ എം.കെ. മുരളിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ഒപ്പം കൂടി. റിട്ട.അദ്ധ്യാപിക എം. ശ്രീദേവി നൗഷാദിന് നൽകാൻ പായസവുമായാണ് എത്തിയത്. സ്‌കൂളിന്റെ ഉപഹാരം പ്രധാനാദ്ധ്യാപിക എ.കെ. ശ്രീകലയും പി.ടി.എ പ്രസിഡന്റ് ആന്റണി സാബുവും ചേർന്ന് നൗഷാദിനും ഭാര്യ നിസക്കും സമ്മാനിച്ചു. സി.ഐ എം.കെ. മുരളി പൊന്നാട അണിയിച്ചു. ഐ.ജി പി. വിജയൻ നൗഷാദിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകുന്നതിന് അദ്ധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകി ശേഖരിക്കുന്ന വിഭവസമാഹരണത്തിന്റെ ഉദ്ഘാടനം നൗഷാദ് നിർവഹിച്ചു.