കൊച്ചി : മറൈൻഡ്രൈവ് വാക്ക് വേയിൽ സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല വിശാല കൊച്ചി വികസന അതോറിറ്റിക്കാണെന്ന് (ജി.സി.ഡി.എ) സെക്രട്ടറി പി.ആർ. ഉഷാകുമാരി ഇന്നലെ നേരിട്ട് ഹാജരായി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വാക്ക് വേയിലെ തെരുവു കച്ചവടക്കാരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

മറൈൻഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന പൊതുതാല്പര്യ ഹർജിയിൽ നഗരസഭാ സെക്രട്ടറിയും ജി.സി.ഡി.എ സെക്രട്ടറിയും നേരിട്ട് ഹാജരാകാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇന്നലെ ഹാജരായ ജി.സി.ഡി.എ സെക്രട്ടറി മറൈൻഡ്രൈവ് വാക്ക് വേയുടെ നവീകരണം സമയബന്ധിതമായ പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകി. നഗരസഭയുടെ നിർമ്മാണത്തിലുള്ള കെട്ടിടത്തെ വാക്ക് വേയിൽ നിന്ന് മറയ്ക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ സ്ക്രീൻ സ്ഥാപിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയും ഉറപ്പു നൽകി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ഹർജി ഒക്ടോബർ മൂന്നിന് വീണ്ടും പരിഗണിക്കും.

 ഉറപ്പുകളിങ്ങനെ

 സ്മാർട്ട് കൊച്ചി സിറ്റി പദ്ധതിയുടെ ഭാഗമായി മറൈൻഡ്രൈവിന്റെ നവീകരണം ഒരു വർഷത്തിനകം പൂർത്തിയാക്കും.

 വാക്ക് വേയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ വൈദ്യുത വിളക്കുകൾ പൂർണമായും തെളിയും

 മാലിന്യ നിർമ്മാർജ്ജനം, കുറ്റിക്കാട് വെട്ടിത്തെളിക്കൽ, ശുചീകരണം എന്നിവ തുടങ്ങി. ഭാവിയിലും ഇതു തുടരും.

 വാക്ക് വേയിലെ ബെഞ്ചുകളുടെ നവീകരണം, സി.സി.ടി.വി സ്ഥാപിക്കൽ, ഇളകിയതും പൊട്ടിപ്പൊളിഞ്ഞതുമായ ടൈലുകൾ മാറ്റൽ എന്നിവ ആറാഴ്ചയ്ക്കകം പൂർത്തിയാക്കും

 വൻകിട കോർപ്പറേറ്റുകളുടെ സഹായത്തോടെ പരിസ്ഥിതി സൗഹൃദ ടോയ്ലെറ്റുകൾ സ്ഥാപിക്കാനുള്ള സാദ്ധ്യത ആലോചിക്കും.