ആലുവ: മെട്രോയാർഡിന്റെ നിർമ്മാണത്തെത്തുടർന്ന് ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി ചവർപ്പാടത്തും, കട്ടേപ്പാടത്തും മഴവെള്ളം കെട്ടിനിൽക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചൂർണിക്കര പഞ്ചായത്തിൽ അടിയന്തരമായി സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്ന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ശിവാനന്ദൻ ആവശ്യപ്പെട്ടു. യാർഡിനായി കൃഷിനിലം നികത്തിയപ്പോൾ വെള്ളക്കെട്ടിന് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കളക്ടറെയും ബന്ധപ്പെട്ടവരെയും താൻ സമീപിച്ചതാണ്. മഴവെള്ളം ഒഴുകിപ്പോകുന്നതിനായി ഡ്രൈനേജ് നിർമ്മിക്കാമെന്ന് കെ.എം.ആർ.എൽ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ കെ.എം.ആർ.എൽ വാക്ക് പാലിക്കാത്തതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്ന് ശിവാനന്ദൻ ആരോപിച്ചു. ചവർപ്പാടത്ത് വീണ്ടും പാടം നികത്തി മെട്രോ വില്ലേജ് നിർമ്മിക്കുവാനുള്ള നീക്കമുണ്ട്. ഈ സാഹചര്യത്തിൽ ഉടനടി സർവകക്ഷി യോഗം വിളിക്കണം.