# മുടക്കുഴ ഗവ. യു. പി.സ്‌കൂൾ വിദ്യാർത്ഥികളുടെ കവിതാ സമാഹാരം

പെരുമ്പാവൂർ: ''തത്തി തത്തിനടക്കുന്ന കുഞ്ഞിത്തത്ത പനംതത്ത, ഓലതുമ്പത്തിരുന്നിട്ട് ഊഞ്ഞാലാടി തത്തമ്മ''. പാറി നടക്കുന്ന ഒരു തത്തമ്മയെ കാണുമ്പോൾ എന്തൊക്കെയാകാം ഒരു കുഞ്ഞുമനസിലുണ്ടാകുന്ന കൗതുകങ്ങൾ? തത്തമ്മയുടെ നിറം, വലിപ്പം, പറക്കൽ, കൂട്ടിലുള്ള പൊന്നോമനകളായ മക്കൾക്ക് ഇരതേടി കൊണ്ടുവരുന്ന അമ്മയുടെ വാത്സല്യം... അങ്ങനെ എത്രയെത്ര വിസ്മയങ്ങളാണ് കുട്ടികളുടെ മനസിൽ ആകാംക്ഷയും കൗതുകവും നിറച്ച ചോദ്യങ്ങളായി നിൽക്കുക. മൂന്നാം ക്ലാസുകാരി കെ.ആർ. വൈഷ്ണവി 'തത്ത' എന്ന തന്റെ മനോഹരമായ കവിതയിലൂടെ ആവിഷ്‌കരിച്ചിരിക്കുന്ന മനോഹരമായ ഭാവനയാണ് ഇത്. 'നായേ നായേ ചെറിയനായേ' എന്ന് പട്ടിയോടും 'കുരുവീ കുരുവീ തേൻകുരുവീ'എന്ന കവിതയിലൂടെ കുരുവികളോടും വൈഷ്ണവിയുടെ ഭാവന സംവദി​ക്കുകയാണ്.

മുടക്കുഴ ഗവ. യു.പി. സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് വൈഷ്ണവി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 'കൊഞ്ചൽ' എന്ന കവിതാസമാഹാരത്തിലാണ് വൈഷ്ണവിയുടെ കവിതകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാവനയും കഴിവുമുള്ള നിരവധി കുരുന്നുകളുടെ രചനകൾ കൊണ്ട് സമ്പുഷ്ടമാണ് ഈ കവിതാ സമാഹാരം.

കാശിനാഥ് ലിജുവിന്റെ 'എന്റെ വിദ്യാലയം, 'കൃഷ്ണമനോജിന്റെ 'അവധിക്കാലം', അഭിരാമി രഘുവിന്റെ 'കാക്കയും കുട്ടിയും', ജിഷ്ണുവിന്റെ 'ജമന്തിയും പൂമ്പാറ്റയും', ഗോപികമണിയുടെ 'മഴ', അലൻ ബേബിയുടെ 'റോസാപ്പൂ' ഉൾപ്പടെയുള്ള രചനകൾ ഉൾക്കൊള്ളുന്ന കവിതാസമാഹാരം മുടക്കുഴ യു. പി. സ്‌കൂൾ വിദ്യാർത്ഥികളുടെ സർഗപരമായ വളർച്ചയുടെ വേറിട്ട പാതയെ അടയാളപ്പെടുത്തുന്നു. ഹെഡ്മിസ്ട്രസ് കെ.എം. ആശാലതയുടേതാണ് അവതാരിക. സ്കൂളി​ലെ എല്ലാ വി​ദ്യാർത്ഥി​കളുടെയും കൈയി​ൽ കവി​താസമാഹാരം എത്തി​ക്കഴി​ഞ്ഞു.