കൊച്ചി : തുടർച്ചയായ രണ്ടാം വർഷവും പ്രളയം ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങായി ആർട്ട് ഒഫ് ലിവിംഗ് പ്രവർത്തകർ രംഗത്തിറങ്ങി. പ്രളയബാധിതർക്കു അവശ്യസാധനങ്ങൾ വിതരണം ചെയ്യാനും വീടുകൾ വൃത്തിയാക്കിയും നൂറുകണക്കിന് പേരാണ് പ്രവർത്തിക്കുന്നത്. പ്രളയം കാര്യമായ നാശനഷ്ടമുണ്ടാക്കിയ മലപ്പുറം, വയനാട് ഉൾപ്പെടെ ജില്ലകളിൽ അഞ്ച് ടൺ അരി, മറ്റു ഭക്ഷ്യ വസ്തുക്കൾ, വസ്ത്രങ്ങൾ, ശുചീകരണ സാമഗ്രികൾ മുതലായവ വിവിധ ഭാഗങ്ങളിൽ നിന്നും സമാഹരിച്ചു നൽകുന്നത് തുടരുകയാണെന്ന് ആർട്ട് ഒഫ് ലിവിംഗ് ഭാരാവാഹികൾ അറിയിച്ചു. നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നുണ്ട്.
പ്രളയം സൃഷ്ടിച്ച മാനസികാഘാതം മറികടക്കാൻ ഏകദേശം 35,000 പേർക്ക് ട്രോമാ റിലീഫ് ക്യാമ്പുകൾ തുടങ്ങി. സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. പ്രളയം രൂക്ഷമായി ബാധിച്ച വയനാട്, മലപ്പുറം ജില്ലകളിൽ നടത്തേണ്ട തുടർപ്രവർത്തനങ്ങൾ വിദഗ്ദ്ധസംഘം പഠിച്ചു വരികയാണ്.