ആലുവ: പ്രളയബാധിതർക്കായി ആലുവ റെയിൽവെയുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും ആലപ്പുഴ ജില്ലാ കളക്ടർക്ക് കൈമാറി. ആദ്യഘട്ടമെന്ന നിലയിൽ രണ്ട് ദിവസങ്ങളിലായി ശേഖരിച്ചവയാണ് കഴിഞ്ഞദിവസം കണ്ണൂർ - ആലപ്പി എക്‌സ് പ്രസിലാണ് ഭക്ഷ്യവസ്തുക്കൾ കയറ്റി അയയച്ചത്. ആലുവ സ്റ്റേഷനിൽ കളക്ഷൻ സെന്റർ തുടരും.
ആലുവ മീഡിയ ക്ലബ്, ആലുവയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ 'കോറ', പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ ആലുവ റെയിൽവെ സ്റ്റേഷൻ അധികൃതരാണ് കളക്ഷൻ സെന്റർ തുറന്നത്. മലപ്പുറത്തെ പ്രളയബാധിതർക്കായിട്ടാണ് സമാഹരിച്ചതെങ്കിലും അവിടെ സൂക്ഷിക്കുന്നതിന് നിലവിലുള്ള സൗകര്യം അപര്യാപ്തമാണെന്ന് അറിയിച്ചതിനെ തുടർന്നാണ് കുട്ടനാട് മേഖലയിലെ പ്രളയബാധിതർക്കായി കൈമാറിയത്.
ആലുവ റെയിൽവേ സ്റ്റേഷൻ മാനേജർ കെ.എം. റഹീം, ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ വിജയൻ, ആർ.പി.എഫ് സി.ഐ എ.കെ. പ്രിൻസ്, റെയിൽവേ ഉദ്യോഗസ്ഥരായ സി.എം. ജോർജ് കുട്ടി, എൻ.എ. ഷാനവാസ്, ഷൈജി രാജേഷ്, കോറ ഭാരവാഹികളായ കെ.എം. ഹംസക്കോയ, കെ. ജയപ്രകാശ്, ആലുവ മീഡിയ ക്ലബ് സെക്രട്ടറി കെ.സി. സ്മിജൻ, മാദ്ധ്യമ പ്രവർത്തകരായ കെ.കെ. അബ്ദുൾ സലാം, ശ്രീമൂലം മോഹൻദാസ്, കെ.വി. ഉദയകുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.