ആലുവ: കിഴക്കേദേശം കടവിൽ പതിറ്റാണ്ടുകളായി കടുത്ത വേനലിലും ശീതളിമ പകർന്ന വൻമരങ്ങൾ വെട്ടിമാറ്റി. മൂന്ന് തകര മരങ്ങളാണ് റോഡിന് അരുകിൽ കുളിർമ്മ പകർന്ന് നിന്നിരുന്നത്. അവയിൽ ഒന്ന് കഴിഞ്ഞാഴ്ച നിലം പൊത്തിയിരുന്നു. അത് മുറിച്ചുമാറ്റിയതോടൊപ്പം സുരക്ഷയുടെ പേരിൽ അടുത്തുനിന്നിരുന്ന രണ്ട് മരങ്ങളും ചെങ്ങമനാട് പഞ്ചായത്ത് അധികൃതർ പാടെ മുറിച്ചുനീക്കുകയായിരുന്നു.
മൂന്നാളുകൾ കൈകോർത്തു പിടിച്ചാൽ വട്ടം പിടിക്കാൻ കഴിയാത്ത തടിവലിപ്പമുള്ളവയാണ് ഈ മരങ്ങൾ. കടുത്ത വേനലിൽ ഇവിടെ എത്തുന്നവർ ഈ മരങ്ങൾക്ക് ചുവട്ടിൽ സമയം ഏറെ ചെലവഴിക്കുമായിരുന്നു. ഇരുനൂറ് മീറ്ററോളം ദൂരം ഈ മരങ്ങളുടെ തണൽ യാത്രികർക്ക് ലഭിക്കുമായിരുന്നു. ഇവിടെയുള്ള ബസ് സ്റ്റോപ്പിൽ കാത്തുനിൽപ്പു കേന്ദ്രത്തിൽ ഈ കുളിർമ്മയ്ക്കായി കയറിയിരിക്കുന്നവർ വരെയുണ്ടായിരുന്നു. അപകടമുണ്ടാവാതിരിക്കാൻ മരച്ചില്ലകൾ വെട്ടി മാറ്റുകയാണെന്ന് ആളുകൾ കരുതിയത്. എന്നാൽ നിശേഷം മുറിച്ചുമാറ്റിയതിൽ യാത്രക്കാരും വൃക്ഷ സ്‌നേഹികളും പ്രതിഷേധത്തിലാണ്. നിക്ഷിപ്ത താത്പര്യക്കാർക്കു വേണ്ടിയായിരുന്നു നടപടിയെന്ന് ആക്ഷേപമുണ്ട്.