കൊച്ചി: ഉച്ചവെയിൽ കൊടുമ്പിരിക്കൊണ്ടിരിക്കേ തലയിൽ തോർത്തിട്ട് കിടാവിനെ മാറ്റിക്കെട്ടുകയാണ് കുഞ്ഞമ്മ. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട് കണ്ടുകൊണ്ടാണ് അവർക്ക് അരുകിലേക്ക് എത്തിയത്.' അമ്മേ... ആരുടേതാണ് ആ വീട് '. മറുപടി ഒരു നോട്ടത്തിൽ കൂർത്തു നിന്നു. കിടാവിനെ കെട്ടി അവർ തലയുയർത്തി.'മക്കളെ പ്രളയത്തിൽ തകർന്ന എന്റെ വീടാണത്. ആരുണ്ട് രക്ഷിക്കാൻ '. അവർക്കൊപ്പം ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എറണാകുളം നഗര ഹൃദയത്തിലെ കടമക്കുടിയുടെ പ്രകൃതി സൗന്ദര്യമായിരുന്നില്ല. നിറയെ ദുരിതക്കാഴ്ചകൾ.

കടമക്കുടി ചരിയംതുരുത്ത് ഇളംതുരുത്തിൽ കുഞ്ഞമ്മയ്‌ക്ക് വയസ് 72 കഴിഞ്ഞു. ആറു പെൺമക്കൾ. അഞ്ചുപേരെ വിവാഹം കഴിപ്പിച്ചു. അവിവാഹിതയായ മിനിക്കൊപ്പമാണ് താമസം. ഭർത്താവ് ഭാസ്‌ക്കരൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. വീടിന് കേടു പറ്റിയതിനാൽ ധനസഹായമായി 60,000 രൂപ ലഭിച്ചു. വിണ്ടു കീറിയ ഭിത്തികളും അടർന്നു മാറിയ വാതിലുകളും ശരിയാക്കി. അടുക്കളയിലേക്ക് പുതിയ പാത്രങ്ങൾ വാങ്ങി. പുതുക്കി പണിയേണ്ട വീടായിരുന്നുവെങ്കിലും പണമില്ലാത്തതിനാൽ അറ്റകുറ്റപ്പണിയിൽ ഒതുക്കി. മിനി വീട്ടുജോലി ചെയ്‌ത് കിട്ടുന്ന കൂലി മാത്രമാണ് ഏക വരുമാനം.

ഇപ്പോൾ കാറ്റുവരുമ്പോഴെ വീട് ആടി തുടങ്ങും.അകന്നു നിൽക്കുന്ന ഓടുകൾക്കിടയിലൂടെ വെള്ളം പുരയ്‌ക്കകത്തേയ്‌ക്ക്. വീട് നിലം പതിക്കുമോയെന്ന് ഭയന്ന് കാറ്റു വരുമ്പോൾ പുറത്തിറങ്ങി നിൽക്കും. മഴയൊന്നു പെയ്‌താൽ തറകൾക്ക് മുകളിൽ വെള്ളം പതഞ്ഞു വരും. 'എന്തു ചെയ്യാനാ മോനെ, എങ്ങോട്ടെങ്കിലും ഓടി പോകാൻ കഴിയുമോ'.കുഞ്ഞമ്മയുടെ ചോദ്യങ്ങൾക്ക് മുന്നിൽ എന്തു മറുപടി. അമ്മയ്‌ക്ക് കൂട്ടു കിട്ടാൻ മറ്റൊരു മകൾ മാലതിയും എത്താറുണ്ട്. പണ്ട് ജീവിക്കാൻ കന്നുകാലികളെ വളർത്തുമായിരുന്നു. ഇപ്പോൾ ഈ ഒരെണ്ണം മാത്രമാണുള്ളതെന്ന് കിടാവിനെ ചൂണ്ടി കുഞ്ഞമ്മ പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് ഏറ്റവും അവസാനം മഹാരാജാസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങിയവരാണ് ചരിയം തുരുത്തുകാർ.