തോപ്പുംപടി: പടിഞ്ഞാറൻ കൊച്ചി പ്രദേശമായ പള്ളുരുത്തി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ,തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളിൽ നായ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം തോപ്പുംപടി ബി.ഒ. ടി. പാലം ബസ് സ്റ്റോപ്പിൽ നാട്ടുകാർ ജീവൻ പണയം വെച്ചാണ് ബസ് കാത്തുനിന്നത്. ഒരു കൂട്ടം നായകൾ കുരച്ചു കൊണ്ട് റോഡിലേക്ക് വന്നത് യാത്രക്കാർ പരിഭ്രാന്തിയിലായി. തുടർന്ന് സമീപത്തെ കടക്കാർ നായകളെ ഓടിച്ചു. പൈതൃക കേന്ദ്രങ്ങളായ മട്ടാഞ്ചേരിയും ഫോർട്ടുകൊച്ചിയും നായകളെ കൊണ്ട് വിനോദ സഞ്ചാരികൾ പൊറുതിമുട്ടി. ഫോർട്ടുകൊച്ചി കടപ്പുറത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നൂറോളം നായകളാണുള്ളത്. ഇവിടെ എത്തുന്ന വിദേശികൾക്കും സ്വദേശികൾക്കും നായ്ക്കൾ പേടി സ്വപ്നമാണ്. ബീച്ചിൽ കുളിക്കാൻ എത്തുന്ന കുട്ടികളെ നായ്ക്കൾ ആക്രമിച്ചിരുന്നു. ചില വിദേശികളെയും നായ്ക്കൾ അക്രമിച്ചിരുന്നു. മട്ടാഞ്ചേരി ജൂതപ്പള്ളി, കൊട്ടാരം, ജ്യൂസ്ട്രീറ്റ്, ബസാർ തുടങ്ങിയ സ്ഥലങ്ങളിലും നായ ശല്യം രൂക്ഷമാണ്. സ്കൂൾ വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടിലാണ്. കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ പഞ്ചായത്തുകളിലും നായ ശല്യം രൂക്ഷമാണ്. പുലർച്ചെ പാൽ, പത്രവിതരണക്കാരാണ് ഏറെ കഷ്ടത്തിലാകുന്നത്. ഇതു മൂലം പത്രവിതരണത്തിനും മറ്റും കുട്ടികൾ വരാത്ത സ്ഥിതിയാണ്. അധികാരികൾ ഇടപെട്ട് ഇതിന് ഒരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെട്ടു.