കോലഞ്ചേരി: മഴക്കെടുതിയിൽ സർവവും നഷ്ടപ്പെട്ട നിലമ്പൂർ നിവാസികൾക്ക് പള്ളിക്കരക്കാർ സാന്ത്വനമായെത്തി. ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് പകച്ചുനിന്ന നിലമ്പൂരുകാരെ ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിൽ നിന്ന് സഹായിക്കാനെത്തിയത് പള്ളിക്കരയിലെ കാരുണ്യസ്പർശം ചാരിറ്റി പ്രവർത്തകരും പറക്കോട് സാധുജന സഹായ സംഘവുമാണ്. രണ്ടു ലക്ഷത്തിലധികം രൂപയുടെ വസ്ത്രങ്ങളും ഭക്ഷണവസ്തുക്കളും സംഘം വിതരണം നടത്തിയിരുന്നു. എന്നാൽ ഇതിനെല്ലാമുപരിയായി സേവന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ ഇവർ പിന്നീട് സന്നദ്ധ സംഘാംഗങ്ങളുമായി വീണ്ടും നിലമ്പൂരിലെത്തി. മൂന്നാം തവണയാണ് ഇവർ വീട് ശുചീകരണത്തിനും സേവന പ്രവർത്തനങ്ങൾക്കുമായി നിലമ്പൂരിൽ എത്തുന്നത്. ഏറെ ആദരവോടെയാണ് അന്നാട്ടുകാർ ഇവരെ വരവേറ്റത്.
രണ്ടം ഘട്ടത്തിൽ നിലമ്പൂർ ജനമൈത്രി പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ പുളിക്കന്റെ നിർദേശപ്രകാരം ചാരൻകുളം പ്രദേശത്തെ വെള്ളംകയറി നശിച്ച 250 ഓളം വീടുകളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പിന്നീട് പോത്തുകൽ പ്രദേശത്തെ കിണറുകൾ ശുചീകരിക്കുവാനും വീടുകൾ വൃത്തിയാക്കുവാനും ജാഗ്രതാസമിതി പെരിങ്ങാല, അൻ ഇഹ്‌സാൻ യൂത്ത് മുവ്‌മെന്റ്, പള്ളിക്കര പൗരസമിതി എന്നി സംഘടനകളിൽ നിന്ന് കൂടുതൽ പേരടങ്ങുന്ന സംഘവും എത്തുകയായിരുന്നു. മൂന്നു ബാച്ചുകളായി തിരിഞ്ഞായിരുന്നു ശുചീകരണ പ്രവർത്തനം. കാരുണ്യസ്പർശം ചാരിറ്റി പ്ലാറ്റ്‌ഫോം കോ ഓർഡിനേറ്റർ അർഷാദ് ബിൻ സുലൈമാൻ, ജോബി ജോണി, മനോജ് മനക്കേകര, പി.എം. സൈനുദീൻ, ഷരിഫ് പറക്കോട്, പരീകുഞ്ഞ് പുളിമൂട്ടിൽ, പ്രകാശൻ പള്ളിക്കര, അലിയാർ കല്ലൻകുടി, അഷറഫ് വടക്കോറത്ത് തുടങ്ങിയവർ നേതൃത്വം നൽകി.