കൊച്ചി : എടയാർ മൂക്കിലപ്പറമ്പിലെത്തുമ്പോൾ പ്രളയം തകർത്ത വീടിനു മുന്നിൽ ആമിന ഉമ്മ താടിക്ക് കൈയും കൊടുത്തിരിക്കുകയാണ്. വെള്ളം കുതിച്ചെത്തിയ തോട് വീടിനു മുന്നിലൂടെ ശാന്തമായി ഒഴുകുന്നു.
ഉമ്മ എത്ര രൂപ കിട്ടി. ചോദ്യത്തിന് മുന്നിൽ അവർ പൊട്ടിത്തെറിച്ചു.' ആർക്കൊക്കെയോ കിട്ടിയെന്ന് പറയുന്നു എനിക്കൊന്നും ലഭിച്ചില്ല. നിങ്ങൾ ഇങ്ങാട്ട് കയറി നോക്ക്. വല്ലതും കിട്ടിയാൽ ഇങ്ങനെ കിടക്കുമോ'.
ഒറ്റ മുറി വീട്ടിലേക്ക് കയറുമ്പോൾ തറകൾ പൊട്ടി അകന്ന് മാറിയിരിക്കുന്നു. ഭിത്തികളിൽ തൊട്ടാൽ ആടും. കട്ടളകൾ ആടിയുലഞ്ഞ് നിൽക്കുന്നു. ഓടുകൾക്കിടയിലൂടെ ആകാശം നേർത്ത് കാണാം. അടുക്കള പോലത്തെ ഒരു ഭാഗത്ത് ഏതാനും പാത്രങ്ങൾ.കഴിഞ്ഞ പ്രളയത്തിൽ മുക്കാൽഭാഗവും മുങ്ങിയ വീട്ടിൽ ഇന്ന് ആമിന ഉമ്മയ്‌ക്ക് അന്തിയുറങ്ങാൻ കഴിയില്ല. സ്വന്തമായുള്ള വീട്ടിൽ കിടന്ന് മരിക്കണമെന്ന ആഗ്രഹം നടക്കുമോന്ന് അറിയില്ല മക്കളെയെന്ന് പറഞ്ഞ് വിതുമ്പുമ്പോൾ പ്രളയത്തിന് ശേഷമുള്ള ദുരിതക്കാഴ്ചകൾക്ക് ശമനമില്ലെന്നു കൂടിയാണ് വ്യക്തമാകുന്നത്.
രാത്രിയായാൽ തൊട്ടപ്പുറത്തെ വീട്ടിലാണ് ആമിനയുടെ താമസം. വീട് എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. ഓടിന് മുകളിൽ വിരിച്ച് നീല പ്‌ളാസ്‌റ്റിക്കും ദ്രവിച്ച് തീരാറായി. പകൽ മറ്റ് വീടുകളിൽ പണിക്ക് പോകുന്നതിനാൽ അവിടെ കഴിയും. വൈകിട്ട് വീട്ടിലെത്തി തൂത്ത് വൃത്തിയാക്കി അയൽ വീട്ടിയ അഭയം തേടുന്ന ഈ ഉമ്മ തീരാ വേദനയാണ്. വെള്ളം നിറഞ്ഞ പാടത്തുകൂടിയ ഇവർ താമസിക്കുന്ന സ്ഥലത്ത് എത്താൻ പാേലും പ്രയാസമാണ്. ഏതാനും വീടുകൾ മാത്രമാണുള്ളത്. തോടുകൾക്ക് അപ്പുറവും ഇപ്പുറവും ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകൾ. ആമിനയുടെ രണ്ട് ആൺമക്കൾ മറ്റ് സ്ഥലങ്ങളിൽ താമസിക്കുകയാണ്. ജീവിതം പൊരുതി ജീവിക്കാനാണ് ആമിനയ്‌ക്ക് ഇഷ്‌ടം.