കൊച്ചി: സംരഭക സമ്മേളനമായ ടൈക്കോൺ കേരള - 2019 ഒക്ടോബർ 4,5 തിയതികളിൽ കൊച്ചിയിലെ ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും.1500 ലധികം യുവസംരഭകരും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.
ആഗോള സംഘടനയായ ദി ഇൻഡസ് എന്റർപ്രണേഴ്‌സിന്റെ കേരള ഘടകമായ ടൈ കേരളയാണ് സംഘാടകർ.
ഡിജിറ്റൽ യുഗത്തിൽ സുസ്ഥിര വികസനം ലക്ഷ്യമിട്ട് ' വിന്നിംഗ് സ്ട്രാറ്റജീസ് എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ടൈ കേരള പ്രസിഡന്റ് എം.എസ്. എ.കുമാർ പറഞ്ഞു.
മാറുന്ന ലോകത്തിനാവശ്യമായ വൈദിഗ്ദ്ധ്യം ബിസിനസുകാരും വ്യവസായികളും സമ്പാദിക്കാൻ സമഗ്ര പദ്ധതികളും ആശയങ്ങളുമാണ് സമ്മേളനം ചർച്ച ചെയ്യുക.
സമ്മേളനത്തിന്റെ മുന്നോടിയായി ആഗസ്റ്റ് 31 ന് കോട്ടയത്ത് ഹോട്ടൽ വിൻഡ്‌സർ കാസിലിൽ അഗ്രിപ്രണർ എന്ന കാർഷിക സമ്മേളനം സംഘടിപ്പിക്കും. കോഴിക്കോട് കാരപ്പറമ്പ് ജി.എച്ച്.എസ്.എസിൽ സെപ്തംബർ 28, 29 തീയതികളിൽ ഡിസൈൻകോൺ, സെപ്തംബർ 21 ന് പാലാരിവട്ടം ഹോട്ടൽ മൺസൂൺ എംപ്രസിൽ ടൈ വുമൺ ഇൻ ബിസിനസ്, ആഗസ്റ്റ് 21 നു കൊച്ചിയിൽ സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്ന ക്യാപ്പിറ്റൽ കഫേ എന്നീ പ്രത്യേക സമ്മേളനങ്ങളും സംഘടിപ്പിക്കും.
ടൈ കേരള അംഗങ്ങളായ ഷീല കൊച്ചൗസേപ്പ്, ജോജോ ജോർജ്, റോഷൻ കൈനടി, ഡയറക്ടർ നിർമൽ പണിക്കർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.