കൊച്ചി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വസ്ത്രങ്ങൾ ചോദിച്ചെത്തിയവർക്ക് കടയിലെ തുണിത്തരങ്ങൾ വാരിക്കോരി നൽകി ഹൃദയംതൊട്ട നൗഷാദ് സ്വന്തമായി തുണിക്കട തുടങ്ങുന്നു. എറണാകുളം ബ്രോഡ് വേയിൽ രണ്ടുമാസം മുമ്പ് നൗഷാദ് തന്നെ വാടകയ്ക്ക് എടുത്ത 150 ചതുശ്രയടി വിസ്തീർണ്ണമുള്ള മുറിയിലാണ് പുതിയ കൊച്ചുവസ്ത്രാലയം. നൗഷാദിന്റെ തുണിക്കടയെന്നാണ് പേര്. തിങ്കളാഴ്ച രാവിലെ 10 ന് നൗഷാദ് തന്നെ ആദ്യ വിൽപ്പന നിർവഹിക്കും. ഗൾഫിൽ സ്മാർട്ട് ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തുന്ന അഭി മുഹമ്മദ് ഒരു ലക്ഷം രൂപയുടെ ആദ്യ പർച്ചേസ് നടത്തും. ഈ വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകുമെന്ന് നൗഷാദ് പറഞ്ഞു. അഭി മുഹമ്മദ് ,ബിസിനസ് കേരള സി.ഇ.ഒ. ഇ. പി നൗഷാദ് എന്നിവരും കൊച്ചിയിൽ. വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. . അഭി, നൗഷാദിന് സമ്മാനമായി നൽകിയ ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് നൗഷാദ് പറഞ്ഞു. രണ്ടു ലക്ഷം രൂപയുടെ ചെക്ക് പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ അഭി കെെമാറി. കൂടാതെ നൗഷാദിനും കുടുംബത്തിനും ഒരാഴ്ചത്തെ ഗൾഫ് സന്ദർശനവും ബിസിനസ് കേരളയുടെ നേതൃത്വത്തിൽ ഒരുക്കും. നൗഷാദിന്റെ പാസ്പോർട്ട് പുതുക്കുന്നതിനും മറ്ര് കുടുംബാംഗങ്ങൾക്ക് പാസ് പോർട്ട് ലഭിക്കുന്നതിനും നടപടി സ്വീകരിച്ചതായി അഭി പറഞ്ഞു. പ്രവാസികൾക്ക് നൗഷാദിനെ നേരിൽ കാണുന്നതിനും ആശംസകൾ നേരാനുമുള്ള അവരുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് യാത്ര. ഒരാഴ്ചത്തെ ഗൾഫ് സന്ദർശനത്തിൽ നിന്നു കിട്ടുന്ന തുക മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറും. താൻ ചെയ്ത നന്മയുടെ പേരിൽ ഒരു സഹായവും വ്യക്തിപരമായി വാങ്ങുകയില്ലെന്ന് അദ്ദേഹം ഇന്നലെയും ആവർത്തിച്ചു.