പറവൂർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നഗരസഭയിലും കച്ചേരിമൈതാനിയിലും പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പതാക ഉയർത്തി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ആഘോഷങ്ങളും ഘോഷയാത്രയും ഒഴിവാക്കി.
കാരുണ്യ സർവീസ് സൊസൈറ്റിയുടെ പരിപാടിയിൽ കേന്ദ്രസമിതി പ്രസിഡന്റ് സുബ്രഹ്മണ്യൻ ഒറവൻതുരുത്ത് പതാക ഉയർത്തി. പ്രകൃതിദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി. ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കാരുണ്യ സൗഹൃദ സൊസൈറ്റിയുടെ പരിപാടിയിൽ പ്രസിഡന്റ് സാജു പുത്തൻവീട്ടിൽ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ഷൈൻ വർഗീസ് കളത്തിൽ അധ്യക്ഷത വഹിച്ചു. മാർ ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രിൻസിപ്പൽ പ്രൊഫ. മോഹൻദാസ് പതാക ഉയർത്തി. മാനേജർ രഞ്ജൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഇളന്തിക്കര ഗവ.എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വാർഡ് അംഗം എം.പി. ജോസ് പതാക ഉയർത്തി. കെടാമംഗലം പപ്പുക്കുട്ടി സ്മാരക വായനശാലയുടെയും ബാലവേദിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രശ്നോത്തരി, ഉപന്യാസരചന, ചിത്രരചനാ മത്സരം എന്നിവ നടത്തി. സമ്മേളനം ഹെൽപ് ഫോർ ഹെൽപ്‌ലെസ് സെക്രട്ടറി ജോസഫ് പടയാട്ടി ഉദ്ഘാടനം ചെയ്തു. ബാലവേദി വൈസ് പ്രസിഡന്റ് മേധ സ്വാതി അദ്ധ്യക്ഷത വഹിച്ചു. പറവൂർ സമൃദ്ധി റസിഡന്റ്സ് അസോസിയേഷന്റെ പരിപാടിയിൽ പ്രസിഡന്റ് പൗലോസ് വടക്കുഞ്ചേരി പതാക ഉയർത്തി.തത്തപ്പള്ളി ശ്രീനാരായണ വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പതാക വന്ദനം, മധുരപലഹാര വിതരണം എന്നിവ നടന്നു.