അങ്കമാലി : നഗരസഭാ അധികാരികളുടെ കർശന നിബന്ധനകളോടെ അങ്കമാലി നഗരസഭ മാർക്കറ്റ് വീണ്ടും തുറന്നു. അറവ് മാലിന്യങ്ങൾ ഉൾപ്പെടെ കാനയിലുടെ ഒഴുക്കിയതിനെത്തുടർന്ന് നാട്ടുകാർ പരാതിപ്പെടുകയും അന്വേഷിക്കാനെത്തിയ സെക്രട്ടറി ഉൾപ്പെടെയുള്ള അധികൃതരെ അങ്ങാടിക്കടവ് നിവാസികൾ തടഞ്ഞുവച്ചതിനെതുടർന്നാണ് മാർക്കറ്റ് അടച്ചുപൂട്ടിയത്. ആഗസ്റ്റ് 12 ന് അടച്ചുപൂട്ടിയ മാർക്കറ്റ് ഇന്നലെയാണ് കർശന നിബന്ധനകളോടെ തുറക്കാൻ നഗരസഭ അനുവദിച്ചത്.
കഴിഞ്ഞദിവസം വ്യാപാരി വ്യവസായി പ്രതിനിധികൾ ചർച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്ന് കാണിച്ച് നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. നഗരസഭാ അധികൃതർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സമരസമിതി നേതാക്കൾ എന്നിവരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി , വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പുഷ്പമോഹൻ, വിനീത ദിലീപ്, കെ.കെ. സലി, ഷോബി ജോർജ്, കൗൺസിലർമാരായ റീത്താപോൾ, ബിനു.ബി.അയ്യമ്പിള്ളി, ടി.ടി. ദേവസിക്കുട്ടി, സെക്രട്ടറി ഇൻ ചാർജ് വി. സുനിൽകുമാർ, മർച്ചന്റ് അസോ. പ്രസിഡന്റ് എം.വി. പോളച്ചൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഡേവീസ് പാത്താടൻ, ജെറി പൗലോസ്, എം..കെ. റോയി, കെ.ഡി. റോയി, ടോമി വർഗീസ്, ജിമ്മി വർഗീസ്, ജെറി ജോസ് തുടങ്ങിയവരും പങ്കെടുത്തു.
ഒത്തു തീർപ്പ് വ്യവസ്ഥകൾ
തോട്ടിലേക്കും മറ്റും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപെടെയുള്ള നടപടികൾ സ്വീകരിക്കും, സി.സി.ടി.വി. കാമറകൾ സ്ഥാപിക്കും, ചുറ്റുമതിൽ നിർമ്മിക്കും, അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റും.