high-court

കൊച്ചി : പ്രളയവും ഉരുൾപൊട്ടലും ആവർത്തിച്ചിട്ടും മനസിലാകുന്നില്ലെങ്കിൽ ഇനിയെന്നാണ് നാം പാഠം പഠിക്കുന്നതെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. മലപ്പുറം ചീങ്കണ്ണിപ്പാറയിൽ പി.വി. അൻവർ എം.എൽ.എയുടെ ബന്ധുവിന്റെ ഭൂമിയിലെ തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം ചോദിച്ചത്.

തടയണയിൽ നിന്ന് വെള്ളം ഒഴുക്കിക്കളഞ്ഞെന്ന വാദമുണ്ടെങ്കിലും ജില്ലാ ജിയോളജിസ്റ്റ് ഇക്കാര്യം ഉറപ്പാക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഇത് താല്കാലിക നടപടി മാത്രമാണ്. ഭൂവുടമയ്ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. വെള്ളം കെട്ടി നിന്ന് നീരൊഴുക്ക് തടസപ്പെടാത്ത വിധം തടയണ പൊളിച്ചിട്ടുണ്ടെന്ന് മലപ്പുറം കളക്ടർ ഉറപ്പാക്കാനും നിർദ്ദേശിച്ചു. ഹർജി മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.

പി.വി. അൻവറിന്റെ ഭാര്യാപിതാവ് സി.കെ. അബ്ദുൾ ലത്തീഫിന്റെ പേരിലുള്ള ഭൂമിയിലാണ് തടയണ. ഇത് പൊളിക്കാൻ ആൾ കേരള റിവർ പ്രൊട്ടക്‌ഷൻ കൗൺസിലും തടയണ പൊളിക്കുന്നതിനെതിരെ സി. കെ. അബ്ദുൾ ലത്തീഫുമാണ് ഹർജികൾ നൽകിയത്.

തടയണയിലെ വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞെന്ന് അബ്ദുൾ ലത്തീഫിന്റെ അഭിഭാഷകൻ വാദിച്ചു. ഇപ്പോഴും വെള്ളം കെട്ടി നിൽക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. മഴ തുടരുന്നതിനാൽ ഈ ആരോപണം ഗൗരവമുള്ളതാണെന്നും മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ളതിനാൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് ഉദ്യോഗസ്ഥരും ജനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണെന്നും പിന്നീട് പരിശോധിച്ച് അന്തിമ റിപ്പോർട്ട് നൽകാമെന്നും സർക്കാർ വിശദീകരിച്ചു. എന്നാൽ തടയണയുടെ സമീപ പ്രദേശങ്ങൾ പ്രളയത്തിലാണെന്നും സർക്കാരിന്റെ നിലപാട് ഉചിതമല്ലെന്നും ഹർജിക്കാർ വ്യക്തമാക്കി. തടയണ പൂർണമായും മനുഷ്യ നിർമ്മിതമാണോയെന്ന കോടതിയുടെ ചോദ്യത്തിന് കൂടുതൽ ഭാഗവും പ്രകൃത്യാ ഉള്ളതാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. തുടർന്നാണ് തടയണയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ജിയോളജിസ്റ്റ് ഉറപ്പാക്കാൻ നിർദ്ദേശിച്ചത്. തടയണ പൊളിക്കുന്നതിന്റെ ചെലവ് ഹർജിക്കാരൻ വഹിക്കണമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു.