ആലുവ: പറവൂർ റോഡിൽ പാലക്കൽ, പരുവക്കാട്, ചെർത്തനാട്, മാളികംപീടിക, തിരുവാല്ലൂർ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരം തേടി യുദ്ധകാലാടിസ്ഥാനത്തിൽ നടപടി തുടങ്ങി. പെരിയാർവാലി കനാൽ പൊളിച്ചുമാറ്റി ഫ്ളോട്ടിംഗ് ജെ.സി.ബി ഉപയോഗിച്ച് ചാത്തനാട് ഭാഗത്ത് ഇളമനത്തോട് വൃത്തിയാക്കി. പാലക്കൽ സിമിലിയ മാളികംപീടിക വരെയുള്ള ഭാഗത്തെ റോഡിന്റെ ഇരുഭാഗത്തെയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനകീയകൂട്ടായ്മയുടെ തീരുമാനപ്രകാരമാണ് പായലുകളും മാലിന്യങ്ങളും നീക്കി തോടുകൾക്ക് ആഴംകൂട്ടിയത്.
നിർമ്മാണപ്രവർത്തനങ്ങൾ നേരിൽ കാണാനും നിർദ്ദേശങ്ങൾ നൽകാനും എം.എൽ.എ നേരിട്ടെത്തി. ആലങ്ങാട്, കരുമാലൂർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ഇവിടെ മഴ കുറഞ്ഞിട്ടും വെള്ളക്കെട്ട് നിലനിൽക്കുകയാണ്. ഇതേതുടർന്നാണ് എം.എൽ.എ ദീർഘകാല പദ്ധതികൾക്ക് നിർദേശം നൽകിയത്. കടുങ്ങല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ തിരൂവാല്ലൂർ ബ്രാഞ്ചിൽ ആവശ്യമായ കലുങ്കുൾ നിർമ്മിച്ച നീരൊഴുക്ക് വർധിപ്പിക്കും. ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും കമ്മിറ്റി രൂപീകരിച്ച് ശേഷം പ്രശ്‌നങ്ങൾ പഠിച്ച് തീരുമാനമെടുക്കും. ദീർഘകാല പദ്ധതിയിൽ പെരിയാർ നദിയുടെ വടക്കേ ശാഖയിൽ നിന്നും തെക്കേശാഖ വരെയുള്ള മുഴുവൻ തോടുകളും പൂർത്തിയാക്കി നീരൊഴുക്ക് വർദ്ധിപ്പിക്കും. വെള്ളക്കെട്ടിന് കാരണമാകുന്ന പാലങ്ങൾ പുനർനിർമിക്കും. മാളികംപീടിക പാലക്കൽ ഭാഗങ്ങളിൽ നിലവിലുള്ള കാണകളും കലുങ്കുകളും ഉയരം കൂട്ടി പുനർനിർമിക്കും. ആവശ്യമെങ്കിൽ റോഡുകളും ഉയർത്തി നിർമ്മിക്കും.