തൃക്കാക്കര : പ്രളയത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വസിക്കാം. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ലഭിച്ചാൽപാഠപുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടി കെ.ബി.പി.എസ് സ്വീകരിക്കുന്നു. പാഠപുസ്തക അച്ചടിയിൽ കെ.ബി.പി.എസ് വീണ്ടും മികവ് തെളിയിക്കുകയാണ് . 2019-20 അദ്ധ്യയന വർഷം മൂന്ന് വാല്യങ്ങളിലായി ആറ് കോടി ഒരു ലക്ഷത്തിൽ പരം പാഠപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. അതിൽ രണ്ട് കോടി 13 ലക്ഷം വാല്യം രണ്ട് പാഠപുസ്തകങ്ങളാണ് ഈ അദ്ധ്യയന വർഷം അച്ചടിക്കേണ്ടത്.
വാല്യം രണ്ട് പാഠപുസ്തകങ്ങളുടെ 80 ശതമാനം അച്ചടിയും പൂർത്തിയായി. ആഗസ്റ്റ് മാസത്തിൽ തന്നെ ബാക്കിയുള്ള പാഠപുസ്തകങ്ങൾ പൂർത്തിയാകും, തുടർന്ന് സെപ്തംബർ മാസത്തോടെ വാല്യം മൂന്ന് പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിക്കും.
വാല്യം രണ്ട് പാഠപുസ്തക വിതരണം 14 ജില്ലാ ഡിപ്പോകളിലും ആരംഭിച്ചു . ഏകദേശം 27 ശതമാനത്തോളം വാല്യം രണ്ട് പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. വാല്യം ഒന്ന് പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കുന്നതിനു മുമ്പ് തന്നെ സ്‌കൂളുകളിൽ എത്തിച്ചിരുന്നു.
കെ കാർത്തിക്. ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ആയിരിക്കെ, തുടർച്ചയായ രണ്ടാം വർഷമാണ് കെ.ബി.പി.എസ് മികവ് തെളിയിക്കുന്നത്. 2018-19 അദ്ധ്യയന വർഷവും കെ.ബി.പി.എസ് പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കുന്നതിന് മുമ്പേ തന്നെ വിതരണം പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ചിരുന്നു.