കൊച്ചി : രണ്ടാം പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ തയ്യാറാകാത്തതിന് കൊച്ചി നഗരസഭയ്ക്കും മേയർക്കും രൂക്ഷമായ വിമർശനം. ഒരു കളക്ഷൻ സെന്റർ പോലും തുടങ്ങി ആവശ്യവസ്തുക്കൾ ശേഖരിക്കാത്തതിന് മേയർ സൗമിനി ജെയിനെതിരെ ട്രോളർമാരും രംഗത്തുവന്നു. വിമർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് മേയറുടെ വിശദീകരണം.

കേരളത്തിലെ ഏറ്റവും വലിയതും ഏറ്റവുമധികം വരുമാനം ലഭിക്കുന്നതും, ഏറ്റവുമധികം വ്യാപാര വ്യവസായ സ്ഥാപനങ്ങളുള്ള കൊച്ചി കോർപ്പറേഷൻ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒന്നും ചെയ്തില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. എന്തു ചെയ്തെന്ന തിരുവനന്തപുരംകാരുടെ ചോദ്യത്തിന് മുന്നിൽ പ്രജകൾ പരുങ്ങുകയാണെന്ന് ഫേസ്ബുക്ക് വഴി മേയർക്ക് അയച്ച കത്തിൽ ഒരു കൊച്ചി നിവാസി പറയുന്നു. കൊല്ലത്ത് നിന്നുള്ള പിള്ളേർ വരെ തിരുവനന്തപുരം നഗരസഭയുടേ ക്രെഡിറ്റ് പറഞ്ഞ് നമ്മളെ ട്രോളാൻ തുടങ്ങി. ഫേസ്ബുക്ക് തുറന്നാൽ ന്യൂസ് ഫീഡിൽ വരുന്നത് മുഴുവൻ ഇവന്മാരുടെ ലോഡിന്റെ കണക്കാണ്. "നഗര മാതാവ്' എന്ന വിലയേറിയ പദവി വച്ച് ബ്രോഡ്‌വേ, മേനക, എം.ജി റോഡ് എന്നിവിടങ്ങളിൽ ഒന്ന് കറങ്ങിയാൽ അഞ്ച് ലോഡ് നമുക്ക് ഇന്ന് തന്നെ കയറ്റി വിടാനാകും. കാരണം നന്മയുടെ ഉറവ വറ്റാത്ത ജനങ്ങൾ കൊച്ചിയിലും ധാരാളമുണ്ട് . നൗഷാദിന്റെ കഥയൊക്കെ അറിഞ്ഞുകാണുമല്ലോ എന്ന ചോദ്യത്തോടെയാണ് കത്ത് അവസാനിക്കുന്നത്.

# താരതമ്യത്തിനില്ലെന്ന് മേയർ

കേരളത്തിൽ ആറ് കോർപ്പറേഷനുകളുണ്ട്. തിരുവനന്തപുരം മേയറുടെ പ്രവർത്തനത്തിന്റെ പേരിൽ കൊച്ചിയെ മാത്രം പരിഹസിക്കുന്നതിൽ രാഷ്‌ട്രിയ ലക്ഷ്യങ്ങളുണ്ടെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മറ്റു കളക്‌ഷൻ സെന്ററുകൾ ആവശ്യമില്ലെന്നും ജില്ലാ കളക്ടർ തുടക്കത്തിൽ നിർദേശം നൽകിയതിനാലാണ് തങ്ങൾ പിന്നോട്ടു മാറിയത്. ഇത്തവണ കൊച്ചിയിൽ അഞ്ച് ക്യാമ്പുകളുണ്ടായിരുന്നു. അവിടേക്ക് ആവശ്യമായ മുഴുവൻ സഹായങ്ങളും എത്തിച്ചത് കോർപ്പറേഷനാണ്. കഴിഞ്ഞ തവണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ സർക്കാരിന് കൈമാറിയിരുന്നു. ഇത്തവണയും ധനസഹായം നൽകുമെന്ന് മേയർ പറഞ്ഞു.

# ലജ്ജിക്കുന്നെന്ന് പ്രതിപക്ഷം

പേമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ 9 ന് മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം അടുത്ത ദിവസം മുതൽ ടൗൺ ഹാളിൽ കളക്‌ഷൻ സെന്റർ തുടങ്ങാൻ തീരുമാനിച്ചിരുന്നു. അവധി ദിവസങ്ങളിൽ ഉദ്യോഗസ്ഥർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ടാവണമെന്ന് സർക്കാർ നിർദേശം ഉണ്ടായിരുന്നെങ്കിലും ജീവനക്കാരെ ഏകോപിപ്പിക്കാൻ കോർപ്പറേഷൻ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്ന് സി.പി.എം പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ വി.പി.ചന്ദ്രൻ കുറ്റപ്പെടുത്തി. വാണിജ്യനഗരമെന്ന കൊച്ചിയുടെ സാദ്ധ്യത പ്രയോജനപ്പെടുത്താൻ കഴിയാത്തതിൽ ദു:ഖമുണ്ട്. കഴിഞ്ഞ പ്രളയസമയത്തും ഭരണസമിതിയുടെ ഭാഗത്തു നിന്ന് അലംഭാവം ഉണ്ടായതായും അദ്ദേഹം ആരോപിച്ചു.