കൊച്ചി: അൻപതാം വാർഷികം ആഘോഷിക്കുന്ന ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 4.30 ന് ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയിലെ സർദാർ പട്ടേൽ സഭാഗൃഹത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ മഹാരാഷ്ട്ര മുൻ അഡ്വക്കേറ്റ് ജനറലും മുംബയ് ഭാരതീയ വിദ്യാഭവൻ ട്രസ്റ്റിയുമായ ശ്രീഹരി ജി അനെ ഉദ്‌ഘാടനം ചെയ്യും. കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ്. ദേവൻ രാമചന്ദ്രനെ ആദരിക്കും. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, മുതിർന്ന അഭിഭാഷകൻ ഗോവിന്ദ് കെ ഭരതൻ, കൊച്ചി കേന്ദ്ര എഡ്യുക്കേഷണൽ ഓഫീസർമാരായ മീന വിശ്വനാഥൻ, രേണുക എൻ മേനോൻ, ഭവൻസ് ആദർശ വിദ്യാലയ പ്രിൻസിപ്പൽ കെ. സുരേഷ് എന്നിവർ പങ്കെടുക്കും. തുടർന്ന് ചെന്നൈ ശ്രീദേവി നൃത്താലയ അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം അരങ്ങേറും.
1970 ൽ ചെറിയ നിലയിൽ പ്രവർത്തനം ആരംഭിച്ച ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയ്ക്ക് ഇന്ന് ഏഴ് സ്‌കൂളുകളിലായി 15000 വിദ്യാർഥികളും ആയിരത്തോളം ജീവനക്കാരുമുണ്ട്. മാനേജ്‌മെന്റ് പഠനകേന്ദ്രം, ആർട്സ് ആൻഡ് കൊമേഴ്‌സ് കോളേജ്, സാമൂഹിക പ്രവർത്തനങ്ങൾക്കായുള്ള ഭവൻസ് മഹിളാ വിഭാഗം, ബാലമന്ദിർ എന്നിവ ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.