കൊച്ചി: പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായ മലപ്പുറം ജില്ളയിൽ വി.പി.എസ് ലേക്ക്‌ഷോർ ആശുപത്രിയിൽ നിന്നുള്ള 15 അംഗ മെഡിക്കൽ സംഘമെത്തി. ഭൂദാനം, കവളപ്പാറ, പൂളപ്പാടം, മുണ്ടേരി, എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് സേവനം ലഭ്യമാക്കുന്നത്.ഓർത്തോപീഡിക് വിദഗ്ദ്ധൻ ഡോ. ഡെന്നിസ് പി. ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ നേഴ്‌സുമാർ, ഫാർമസിസ്റ്റ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർ എന്നിവരുമുണ്ട്. ആംബുലൻസും ലഭ്യമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം പ്രളയ ബാധിതരെ സഹായിക്കാനും പുനർനിർമാണത്തിനുമായി വിപിഎസ് ഗ്രൂപ്പ് പ്രഖ്യാപിച്ച അമ്പതു കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുകയാണ്. പ്രളയത്തിൽ തകർന്ന മലപ്പുറം വാളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം ആഗോളനിലവാരത്തിലുള്ള വെൽനെസ് സെന്ററാക്കി പുനർനിർമിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരണഘട്ടത്തിലാണ്. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.