കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ.ജംഗ്ഷനിൽ മെട്രോ നിർമ്മാണത്തിന് വേണ്ടി നീക്കം ചെയ്യുന്ന ഗുരുമന്ദിരം തൊട്ടുപിന്നിൽ തന്നെ സ്ഥാപിക്കാൻ തീരുമാനം. ഇതിനായി ചെട്ടിപറമ്പിൽ കുടുംബം സ്ഥലം വിട്ടുനൽകും. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ചിങ്ങമാസത്തിൽ തന്നെ നടത്തും. വർക്കല ശിവഗിരി മഠത്തിലെ സന്യാസിമാരാണ് ശിലാസ്ഥാപനം നിർവഹിക്കുക.
43 വർഷം മുമ്പ് ചെട്ടിപറമ്പിൽ പരേതനായ കരുണാകരൻ നൽകിയ സ്ഥലത്താണ് നിലവിലെ ഗുരുമന്ദിരം സ്ഥിതി ചെയ്യുന്നത്. നഷ്ടമാകുന്ന സ്ഥലത്തിന് പകരം ഇതോടു ചേർന്നുള്ള ബാക്കി സ്ഥലം നൽകാൻ അദ്ദേഹത്തിന്റെ വിധവ മല്ലിക കരുണാകരൻ തീരുമാനിക്കുകയായിരുന്നു. കൈമാറ്റത്തിന്റെ സമ്മതപത്രം കരുണാകരന്റെ മകൻ സി.കെ.സജീവ് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദന് കൈമാറി.
പ്രതിമാ നിർമ്മാണം കണയന്നൂർ യൂണിയൻ ഏറ്റെടുത്തു
എസ്.എൻ.ജംഗ്ഷനിലെ പുതിയ ഗുരുമന്ദിര നിർമ്മാണം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ഏറ്റെടുത്തു. തൃപ്പൂണിത്തുറ മേഖലയിലെ ഇരുപതിലധികം ശാഖാ യോഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 251 അംഗം കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു. യൂണിയൻ കൺവീനർ പി.ഡി.ശ്യാംദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ അംഗം എൽ.സന്തോഷ്, നടമശാഖാ പ്രസിഡന്റ് അഡ്വ.പി.രാജൻ ബാനർജി, യോഗം അസി.സെക്രട്ടറിമാരായ വിജയൻ പടമുകൾ, എം.ഡി.അഭിലാഷ്, സെക്രട്ടറി ഷിബു തുടങ്ങിയവർ സംസാരിച്ചു.
മെട്രോ സ്റ്റേഷന് തിലകമാകും
കൊച്ചി മെട്രോയുടെ എസ്.എൻ.ജംഗ്ഷൻ സ്റ്റേഷന് തിലകമാകും വിധമാകും ഇവിടെ ഗുരുദേവ മന്ദിരം നിർമ്മിക്കുകയെന്ന് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. അര കോടിയോളം ചിലവിൽ മൂന്നു നിലകളുള്ള ആധുനിക മന്ദിരമാണ് വിഭാവനം ചെയ്യുന്നത്. ഗുരുദേവ പ്രതിമയും പുതുതായി നിർമ്മിക്കും.
വ്യാജപണപ്പിരിവ് ശ്രദ്ധിക്കണം
എസ്.എൻ ജംഗ്ഷനിൽ പുനർനിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ പേരിൽ തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് നടക്കുന്ന പണപ്പിരിവിൽ കുടുങ്ങി വഞ്ചിതരാകരുതെന്ന് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ പി.ഡി.ശ്യാംദാസ് അറിയിച്ചു. യൂണിയൻ നേരിട്ടാണ് ഗുരുമന്ദിരം നിർമ്മിക്കുന്നത്. കോഓർഡിനേഷൻ കമ്മിറ്റി പിരിവ് ആരംഭിച്ചിട്ടില്ല. എങ്കിലും ഇതിന്റെ പേരിൽ വ്യാപകമായി വ്യാജപിരിവ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്ക് എസ്.എൻ.ഡി.പി യോഗവുമായി ഒരുബന്ധവുമില്ലെന്നും ശ്യാംദാസ് പറഞ്ഞു.