road-damege
കാലടിയിലെ തകർന്ന് തരിപ്പണമായ റോഡുകൾ

കാലടി: കനത്തമഴയിൽ കാലടി നഗരത്തിലെ തിരക്കേറിയ റോഡിൽ നരകക്കുഴികൾ പെരുകി. ഇതിലൂടെയുള്ള യാത്ര ദുരിത യാത്രയായി. ജംഗ്ഷനിലെ എം.സി റോഡിൽ ഒത്തനടുക്ക് ഒരു വലിയകുഴി രൂപപ്പെട്ടിട്ട് നാളേറെയായി. കുഴികൾ കാരണം എം.സി റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കാലടി ടൗൺ മുതൽ മലയാറ്റൂർ വരെയുള്ള എട്ട് കിലോമീറ്റർ ദൂരപരിധിയാണ് റോഡിൽ ഏറെ കുഴികൾ ഇതിലൂടെ വാഹനങ്ങൾ ഏറെ കഷ്ടപ്പെട്ടാണ് സഞ്ചരിക്കുന്നത്. ടിപ്പർ,ടോറസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡിനാണ് ഈ ദുർഗതി. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ വിഷമിക്കുന്നത്. മഴപെയ്താൽ അനുഭവപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് മറ്റൊരു തലവേദനയായി മാറിയിട്ടുണ്ട്. മഴവെള്ളവും ഒഴുകിയെത്തുന്ന ചെളിവെള്ളവും കുഴികളിൽ കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നു. വാഹനങ്ങൾ കുഴികളിൽ വീഴുമ്പോൾ ചെളിവെള്ളം തെറിക്കുന്നത് തർക്കങ്ങൾക്കും വഴിവെക്കുന്നു. യഥാസമയം കാനകളിലെ ചെളിയും മണ്ണും നീക്കം ചെയ്യാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്നാണ് പരാതി.

# പണി ഏറ്റെടുക്കാതെ കരാറുകാർ

കാലടി - മലയാറ്റൂർ റോഡിന്റെ റീടാറിംഗ് ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാത്തതിനാലാണ് റോഡ് ടാറിംഗ് നടക്കാത്തതെന്ന് പ്രധാനകാരണമെന്ന് റോജി എം.ജോൺ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ മൂന്ന് ടേമിലും ഒരു കോടി രൂപ സർക്കാർ അനുവദിച്ചു വിജ്ഞാപനമായിയെങ്കിലും റോഡിന്റെ പണികൾ ഏറ്റെടുക്കാൻ കരാാറുകാർ എത്താത്തതിനെ തുടർന്ന് റോഡ് ടാറിംഗ് അനന്തമായി നീളുകയാണ്.

# ബിൽ പാസാക്കാത്തതിൽ പ്രതിഷേധം

പണം അനുവദിച്ചിട്ടും കരാറുകൾ വൈകുന്നതിന് കാരണം മുടങ്ങിയ ബില്ലുകൾ സർക്കാർ പാസാക്കത്തതിൽ പ്രതിഷേധിച്ചാണെന്ന് പറയപ്പെടുന്നു. ടെൻഡർ എടുക്കാത്ത കരാറുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറയുമ്പോഴും ഇവി‌ടെ കാര്യങ്ങൾക്ക് യാതൊരു നീക്കുപോക്കുമില്ല. പുതിയ സംവിധാനം കണ്ടെത്തി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി യാത്രാ സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.