ആലുവ: പറവൂർ കവലയ്ക്ക് സമീപം വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്ന് 10,000 രൂപ യു.സി കോളേജ് കടൂപ്പാടം ഉസ്മാൻ കുഴിക്കടവിന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കളഞ്ഞുകിട്ടി. സമീപത്തെ ഭാരത് മെഡിക്കൽ സ്റ്റോറിൽ ഏൽപ്പിച്ചെങ്കിലും രണ്ടുദിവസം പിന്നിട്ടും ആരും ബന്ധപ്പെട്ടില്ല. വാട്ട്സപ്പിൽ വിവരങ്ങൾ കൈമാറിയതിനെ തുടർന്ന് പണം നഷ്ടമായ കിഴക്കേ വെളിയത്തുനാട് എളമനവീട്ടിൽ അബ്ദുൽ കരീമിന്റെ മൊബൈലിലും സന്ദേശം എത്തിയതോടെയാണ് അനിശ്ചിതത്വത്തിന് വിരാമമായത്. വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ പറവൂർ കവലയിൽ എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് പണം നഷ്ടമായത്. തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐമാരായ ജി. അരുൺ, അബ്ദുറഹ്മാൻ എന്നിവരുൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ ഉസ്മാൻ അബ്ദുൽ കരീമിന് പണം കൈമാറി. ഉസ്മാനെ പൊലീസ് അഭിനന്ദിച്ചു. വർഷങ്ങൾക്കു മുമ്പ് ഇത്തരത്തിൽ ഭീമമായ തുക യാത്രയിൽ നഷ്ടപ്പെട്ടതിൽ നിന്നുള്ള നടുക്കം മാറാത്ത ഉസ്മാൻ ഈ തുക ഉടമയെ ഏൽപ്പിക്കാനായതിൽ സന്തുഷ്ടനാണ്.