sndp-paravur-union
പറവൂർ യൂണിയൻ മന്ദിരത്തിലെ ഗുരുദേവ മണ്ഡപത്തിനു സമീപം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ പതാക ഉയർത്തുന്നു.

പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ 165-ാംമത് ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. യൂണിയന്റെ കീഴിലുള്ള 72 ശാഖായോഗങ്ങളിലും ശ്രീനാരായണ കുടുംബയൂണിറ്റ്, എം.എഫ്.ഐ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ നൂറുകണക്കിന് കേന്ദ്രങ്ങളിൽ പീതപതാക ഉയർത്തി. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശാഖായോഗങ്ങളിലും കുടുംബ യൂണിറ്റുകളിലും ജയന്തിദിനം വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

പറവൂർ യൂണിയൻ മന്ദിരത്തിലെ ഗുരുദേവ മണ്ഡപത്തിനു സമീപം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ പതാക ഉയർത്തി. സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡി. ബാബു, പി.എസ്. ജയരാജ്, എം.പി. ബിനു, യൂണിയൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

ശാഖാതല കലാ, സാഹിത്യ മത്സരങ്ങൾ ഇന്ന് നടക്കും. മേഖലതല മത്സരം 25നും യൂണിയൻ തല മത്സരങ്ങൾ അടുത്ത മാസം 7,8 തീയതികളിലും നടക്കും. സെപ്റ്റംബർ ഒന്നിന് ശ്രീനാരായണ ജ്യോതി പര്യടന സമ്മേളനം വൈകിട്ട് അഞ്ചരയ്ക്ക് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. രണ്ടുമുതൽ ആറുവരെ പര്യടനം നടക്കും.

13ന് വൈകിട്ട് മൂന്നിന് പറവൂർ നഗരത്തിൽ ജയന്തിദിന ഘോഷയാത്ര നടക്കും. അഞ്ചിന് ജയന്തി ആഘോഷങ്ങളുടെ സമാപന സമ്മേളനം സ്വാമി ഗുരുരത്നം ‌ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി പി. രാജീവ്, യോഗം കൗൺസിലർ ഇ.എസ്. ഷീബ, യൂണിയൻ സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി തുടങ്ങിയവർ സംസാരിക്കും.