തോപ്പുംപടി: കയ്യേറ്റത്തെ തുടർന്ന് കൊച്ചിയിലെ വേമ്പനാട്ട് കായലിന് മരണമണി.തോപ്പുംപടി മുതൽ അരൂർ വരെ കായൽ വൻതോതിലാണ് കയ്യേറിയിരിക്കുന്നത്. സാധാരണക്കാർ മുതൽ വമ്പൻമാർ വരെ പട്ടികയിലുണ്ട്. ഐസ് കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂൾ, സ്വകാര്യ വ്യക്തികളുടെ ചീനവല തുടങ്ങിയവരാണ് കായൽ വൻതോതിൽ കയ്യേറിയിരിക്കുന്നത്.കായലിൽ വഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്നവർ വെറും കയ്യോടെയാണ് മടങ്ങുന്നത്. ചെല്ലാനം, കണ്ണമാലി, കുമ്പളങ്ങി, പെരുമ്പടപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് മത്സ്യബന്ധനത്തിനായി എത്തുന്നത്.തോപ്പുംപടി ഹാർബർ പാലത്തിനു മുകളിൽ നിന്നും കായലിലേക്ക് വൻതോതിലാണ് അറവ് മാലിന്യം തള്ളുന്നത്. ഡ്രജിംഗിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോടികൾ മുടക്കുന്നുണ്ടെങ്കിലും കേരളത്തിലെ കായലുകൾ ചെളി കൊണ്ട് മൂടിക്കിടക്കുകയാണ്. ഇതു മൂലം ചീനവല, കമ്പവല, നീട്ട് വല തൊഴിലാളികളും ദുരിതത്തിലാണ്.

#ഒരു സീഫുഡ് കമ്പനിക്കായി ഏക്കറ് കണക്കിന് കായലാണ് തോപ്പുംപടിയിൽ നികത്തിയിരിക്കുന്നത്. പള്ളിയിലെ വികാരിക്ക് അന്തിയുറങ്ങാൻ മേട പണിയുന്നതിനായും സ്ഥലം നികത്തി.കൂടാതെ സ്ക്കൂളിന് കളിസ്ഥലമായി പള്ളുരുത്തിയിലെ ഒരു സ്കൂൾ കായൽ നികത്തി എടുത്തു. സ്വകാര്യ വ്യക്തികൾ വീടിന് പുറകിൽ ചീനവല സ്ഥാപിക്കുന്നതിനായും ചിലർ വീട് വെക്കുന്നതിനായും കായൽ കയ്യേറ്റം നടത്തി.അരൂരിൽ മത്സ്യഫാക്ടറികളും വൻതോതിൽ കയ്യേറ്റം നടത്തിയിട്ടുണ്ട്. അധികാരികളുടെ ഒത്താശ യോടെ മാത്രമാണ് കയ്യേറ്റങ്ങൾ പലതും നടന്നിരിക്കുന്നത്.