നെടുമ്പാശേരി: മലബാറിലെ പ്രളയബാധിതരായ വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. 'മലബാർ മേഖലയിലെ വ്യാപാരികൾക്കൊരു കൈത്താങ്ങ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 17 മുതൽ 24 വരെ ജില്ലയിലെ 250 യൂണിറ്റുകളിൽ നിന്നായി 45000 അംഗങ്ങളുടെ ഒരു ദിവസത്തെ വരുമാനം സംഭാവനയായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം ബാധിച്ച വ്യാപാരികൾക്ക് ധനസഹായം ലഭിച്ചില്ല. ഇതേതുടർന്ന് ജില്ലാ കമ്മിറ്റി 75 ലക്ഷം രൂപ വ്യാപാരികൾക്കായി സമാഹരിച്ചപ്പോൾ പ്രധാന സഹായം ചെയ്തവരാണ് മലബാറിലെ വ്യാപാരികൾ. നെടുമ്പാശ്ശേരി മേഖല കമ്മിറ്റി ഒന്നാം ഘട്ടമായി ഒരു ലക്ഷം രൂപ ജില്ലാ പ്രസിഡന്റിന് കൈമാറി. മേഖല പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. നസീർ ബാബു, കെ.ജെ പോൾസൺ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ഷാജി മേത്തർ, ടി.ആർ. ജേക്കബ്, പി.എം. ജോയ്, എം.കെ. മധു, ബൈജു മഞ്ഞളി, കെ.കെ. മുരളി, കെ.വി. ജോസഫ്, പി.കെ. ബാബുരാജ്, ടി.വി. സൈമൺ, എന്നിവർ പ്രസംഗിച്ചു.