ഈ മാസം 31 നകം കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സജ്ജമാകും.
കൊച്ചി : വെള്ളപ്പൊക്കം ഏൽപ്പിച്ച ആഘാതത്തിൽ നിന്നു തിരിച്ചുവരാനുള്ള കർമപദ്ധതിയുമായി ടൂറിസം വകുപ്പും സംരംഭകരും കൈകോർക്കുന്നു.
ആലപ്പുഴ, കുമരകം, വയനാട് ഉൾപ്പെടെ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന മേഖലകളും വെള്ളപ്പൊക്കത്തിൽ തകർന്നു. മൂന്നാർ- ആലപ്പുഴ-മേഖലയിലെ ടൂറിസം സർക്യൂട്ട് പൂർണമായും ട്രാക്കിലായിട്ടില്ല.റോഡുകൾ തകർന്നതാണ് കാരണം. ആലപ്പുഴയിലെ എഴുന്നൂറോളം വരുന്ന ഹൗസ് ബോട്ടുകൾ പ്രതിദിനം അഞ്ച് കോടിയുടെ ബിസിനസ് പ്രതിദിനം നടത്തിയിരുന്നു . ഇതിനും കാര്യമായ കുറവ് സംഭവിച്ചു.
മൺസൂൺ ടൂറിസം സീസൺ വളർത്തിയെടുക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളാണ് തുടർച്ചയായ രണ്ടാം വർഷവും വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയത്. ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ഒക്ടോബർ മുതലുള്ള പൊതു സീസണ് മുൻപ് കേരളത്തെ പൂർണമായി ഒരുക്കിയെടുക്കാനായി ടൂറിസം വകുപ്പ് പൊതുമരാമത്ത് വകുപ്പിന്റെ സഹായം തേടി. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കാൻ മരാമത്ത് വകുപ്പിനോട് മന്ത്രി ജി സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ നേരിട്ട സ്വകാര്യ ഹോട്ടലുകളും റിസോർട്ടുകളും അതിവേഗം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ്.
തദ്ദേശസ്ഥാപനങ്ങൾ, ടൂറിസം സംരംഭകർ, വിദ്യാർത്ഥികൾ, നാഷനൽ സർവീസ് സ്‌കീം, കുടുംബശ്രീ, ശുചിത്വമിഷൻ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ ടൂറിസം മേഖല ശക്തിപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 66 ശതമാനം സേവനമേഖല നൽകുന്നതാണ്. 26 ശതമാനം വ്യവസായങ്ങളിൽ നിന്നുമാണ്. ടൂറിസവും ഹോട്ടൽ അനുബന്ധ മേഖലകളുമാണ് പ്രധാന വരുമാന മാർഗങ്ങൾ.
# ഗ്രീൻ കാർപെറ്റ് പദ്ധതി ഈ വർഷവും
അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീൻ കാർപെറ്റ് പദ്ധതി ഈ വർഷം 80 ടൂറിസം കേന്ദ്രങ്ങളിൽ നടപ്പാക്കാനാണ് ടൂറിസം വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്നാം വർഷമാണു ടൂറിസം സീസണിനു മുന്നോടിയായി ഗ്രീൻ കാർപറ്റ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കു നേതൃത്വം നൽകാൻ 80 ഡെസ്റ്റിനേഷൻ മാനേജർമാരെ നിയമിച്ചിട്ടുണ്ട്. .
.
#ഓണം ടൂറിസത്തിന്റെ കാലം
വൺഡേ പിക്നിക്കുകളുടെ കാലമാണ്. ഓണം . കുട്ടികൾക്ക് അവധിയായതിനാൽ മിക്ക കുടുംബങ്ങളും ചെറിയ യാത്രകൾ നടത്താറുണ്ട്. മിക്കവയും വൺഡേ പിക്നിക്കുകളോ, രണ്ടോ മൂന്നോ ദിവസം നീണ്ടുനിൽക്കുന്ന ചെറിയ യാത്രകളോ ആയിരിക്കും. ഇത്തരം യാത്രകളെ കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും ടൂറിസം മേഖല വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്
#ഈ വർഷം മികച്ച നേട്ടം കെെവരിക്കും.
മുൻവർഷം നേരിട്ട തകർച്ചയിൽ നിന്ന് മുന്നേറാൻ കേരള ടൂറിസത്തിന് കഴിഞ്ഞു. ഏപ്രിൽ മുതൽ ജൂൺ വരെ കേരളത്തിൽ എത്തിയ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 14.81 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മാത്രം 15.05 ശതമാനത്തിന്റെ വർദ്ധന . 17- 18 കാലയളവിൽ 41.4 ലക്ഷം വിനോദ സഞ്ചാരികൾ കേരളത്തിലെത്തിയപ്പോൾ 18- 19 വർഷം ഇത് 47.7 ലക്ഷമായി . . ഈ വർഷം ടൂറിസം വികസനത്തിന് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനത്തിന് അതാത് ജില്ലാകലക്‌ടർമാരെ ചുമതലപ്പെടുത്തി
മഹേഷ് ചന്ദ്രൻ ,അഡീഷണൽ പ്രെെവറ്റ് സെക്രട്ടറി, ടൂറിസം വകുപ്പ്
ഏപ്രിൽ മുതൽ ജൂൺ വരെ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 14.81 ശതമാനത്തിന്റെ വർദ്ധന
റോഡുകൾ നന്നാക്കാൻ നിർദേശം
ഒക്ടോബറിൽ തുടങ്ങുന്ന സീസണിൽ പ്രതീക്ഷ