തൃക്കാക്കര : കഴിഞ്ഞ വർഷത്തെ പ്രളയ ഫണ്ട് പിരിവിനെ ചൊല്ലി സി.പി.ഐ തൃക്കാക്കര മണ്ഡലം കമ്മിറ്റിയിൽ രൂക്ഷമായ തർക്കം. ഇന്നലെ സി.പി.ഐ ജില്ലാ കമ്മറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മണ്ഡലം കമ്മിറ്റിയുടെയും
മണ്ഡലം സെക്രട്ടറിയേറ്റിന്റെയും വെവ്വേറെ യോഗങ്ങളിലാണ് വാക്പോരുണ്ടായത്.
തൃക്കാക്കര മണ്ഡലം പിരിച്ചെടുത്ത കഴിഞ്ഞ പ്രളയ ഫണ്ട് ഒരു വർഷമായിട്ടും ജില്ലാ ഘടകത്തിൽ എത്താതെ പോയതിനും കണക്ക് അവതരിപ്പിക്കാത്തതിനും സെക്രട്ടറി വിശദീകരണം നൽകണമെന്ന് ആവശ്യം ഉയരുകയായിരുന്നു. മണ്ഡലം സെക്രട്ടറി ഇതിനോട് പ്രതികരിച്ചുമില്ല. ജില്ലാ സെക്രട്ടറി മണ്ഡലം സെക്രട്ടറിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചതോടെ ബഹളമുണ്ടായി.
19 അംഗ കമ്മിറ്റിയിൽ രണ്ട്പേർ മാത്രമാണ് സെക്രട്ടറിയെ പിന്തുണച്ചത്. തൃക്കാക്കരയിൽ ഇക്കുറി പ്രളയ ഫണ്ട് പിരിവ് നടത്താനില്ലെന്ന് മണ്ഡലം സെക്രട്ടറിയേറ്റ് യോ
ഗത്തിലും ഒരു അംഗം പറഞ്ഞു.
ലാത്തിച്ചാർജിൽ കലാശിച്ച ഐ. ജി ഓഫീസ് മാർച്ചിനെ ചൊല്ലിയും ഒരു വിഭാഗം ജില്ലാ നേതൃത്വത്തിനെതിരെ തിരിഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടുകളാണ് ശരിയെന്ന് ഇവർ പറഞ്ഞു.
ജില്ലാ കമ്മറ്റിയിലെ ചില നേതാക്കൾ ധൃതി പിടിച്ചെടുത്ത തീരുമാനമായിരുന്നു ഐ.ജി. ഓഫീസ്മാർച്ച്. സി.ഐ ഓഫീസ് മാർച്ചെന്നാണ് ആദ്യം അറിയിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചതും എം.എൽ.എയ്ക്കടക്കം ലാത്തിയടിയിൽ പരിക്കേറ്റതും പാർട്ടിക്ക് ക്ഷീണമായി.
പാർട്ടി നേതാവിനെതിരെ പരസ്യമായി രംഗത്ത് വന്ന കാക്കനാട് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റാൻ നടപടികൾ സ്വീകരിക്കണമെന്നും യോഗം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി അറിയുന്നു.